ബംഗാള്‍ തെരഞ്ഞെടുപ്പ്: കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ നരേന്ദ്ര മോദി

By Web TeamFirst Published Mar 6, 2020, 8:09 AM IST
Highlights

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി കണ്ണുവെക്കുന്ന പ്രധാന സംസ്ഥാനമാണ് ബംഗാള്‍. ലോക്സഭ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത നേട്ടമാണ് ബിജെപിയുടെ ഊര്‍ജം. 18 മണ്ഡലങ്ങളിലാണ് ബിജെപി വിജയക്കൊടി പാറിച്ചത്. 

ദില്ലി: ദില്ലിയിലെ തിരിച്ചടി ബംഗാളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നേരത്തെ തയ്യാറെടുപ്പുമായി ബിജെപി. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ നരേന്ദ്ര മോദി രംഗത്തെത്തിയേക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി ബംഗാളിലെ എംപിമാരുമായി കൂടിക്കാഴ്ച നടത്തി ബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. 20 മിനിറ്റോളമാണ് മോദി എംപിമാരുമായി കൂടിക്കാഴ്ച നടത്തി അഭിപ്രായം തേടിയത്. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം മോദി അംഗങ്ങളില്‍ നിന്ന് തേടി. സംസ്ഥാന സര്‍ക്കാറിന്‍റെ പ്രവര്‍ത്തനവും കേന്ദ്ര പദ്ധതികളുടെ നടപ്പാക്കലും പ്രധാനമന്ത്രി അന്വേഷിച്ചു. 

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി കണ്ണുവെക്കുന്ന പ്രധാന സംസ്ഥാനമാണ് ബംഗാള്‍. ലോക്സഭ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത നേട്ടമാണ് ബിജെപിയുടെ ഊര്‍ജം. 18 മണ്ഡലങ്ങളിലാണ് ബിജെപി വിജയക്കൊടി പാറിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. റാലിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കടന്നാക്രമിക്കുന്ന ശൈലിയാണ് അമിത് ഷാ സ്വീകരിച്ചത്. 
സിഎഎ, എന്‍ആര്‍സി വോട്ടാകുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. എന്നാല്‍, ശക്തമായ ന്യൂനപക്ഷ സാന്നിധ്യമുള്ള ബംഗാളില്‍ സിഎഎ വിരുദ്ധത തൃണമൂലിന് ഗുണം ചെയ്യുമെന്നാണ് മമതാ ബാനര്‍ജിയുടെ വിശ്വാസം. 

ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേന്ദ്ര നേതാക്കളെ രംഗത്തിറക്കി വ്യാപക പ്രചാരണം നടത്തിയിട്ടും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് തന്ത്രങ്ങള്‍ നേരത്തെ ആവിഷ്കരിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. ബംഗാളില്‍ നിന്ന് പരമാവധി എംഎല്‍എമാരെ നിയമസഭയില്‍ എത്തിച്ചാല്‍ രാജ്യസഭിയിലും ബിജെപിക്ക് നേട്ടമാകും. 

click me!