
കൊൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഒന്നിച്ചാക്കാനാവില്ലെന്ന നിലപാട് രാഷ്ട്രീയപാർട്ടികളെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്നു മുതൽ രാത്രി എഴുമുതൽ രാവിലെ പത്തു വരെ പ്രചാരണം വിലക്കി. പ്രചാരണത്തിനുള്ള മാർഗ്ഗനിർദ്ദേശം ലംഘിച്ചാൽ കേസെടുക്കുമെന്ന മുന്നറിയിപ്പും കമ്മീഷൻ നല്കി.
പശ്ചിമ ബംഗാളിൽ ഒരു രാഷ്ട്രീയ പാർട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കൊവിഡ് കാലത്തെ പ്രത്യേക നിർദ്ദേശങ്ങൾ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രത്യേക യോഗം വിളിച്ചത്. നാളെയാണ് പശ്ചിമ ബംഗാളിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ്. അതിനു ശേഷം ബാക്കിയുള്ള ആറ്, എഴ്, എട്ട് ഘട്ടങ്ങൾ ഒന്നിച്ചാക്കണം എന്ന നിർദ്ദേശമാണ് മുഖ്യമന്ത്രി മമത ബാനർജി മുന്നോട്ടു വച്ചത്. ഇന്ന് തൃണമൂൽ നിലപാട് യോഗത്തിൽ ആവർത്തിച്ചു. എന്നാൽ എല്ലാ ഘട്ടത്തിനുമുള്ള നടപടികൾ പൂർത്തിയായതിനാൽ നിയമപരമായി ഇത് സാധ്യമല്ലെന്ന് കമ്മീഷൻ പാർട്ടികളെ അറിയിച്ചു.
ഇനി പതിനൊന്ന് ദിവസത്തെ പ്രചാരണമാണ് ബാക്കിയുള്ളത്. ഇന്നു മുതൽ രാതി എഴു മണി മുതൽ രാവിലെ പത്ത് വരെ പ്രചാരണം അനുവദിക്കില്ല. ഇനിയുള്ള ഘട്ടങ്ങളിലെല്ലാം പരസ്യപ്രചാരണം മൂന്നു ദിവസം മുമ്പ് അവസാനിപ്പിക്കും. പരമാവധി വിർച്ച്വൽ പ്രചാരണം നടത്തണം എന്ന് കമ്മീഷൻ നിർദ്ദേശിച്ചു. റോഡ് ഷോകളും റാലികളും കുറയ്ക്കണം. ഇവ നടത്തുമ്പോൾ മാർഗ്ഗനിർദ്ദേശം കർശനമായി പാലിക്കണം. ദുരന്തനിവാരണ നിയമപ്രകാരം രാഷ്ട്രീയപാർട്ടികൾക്കും നേതാക്കൾക്കും എതിരെ കേസെടുക്കും എന്ന മുന്നറിയിപ്പും കമ്മീഷൻ നൽകി.
കമ്മീഷൻ അനാവശ്യ പിടിവാശി കാട്ടുന്നു എന്ന് തൃണമൂൽ കോൺഗ്രസ് തിരിച്ചടിച്ചു. എട്ട് ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പ് അനാവശ്യമായിരുന്നു എന്ന് വ്യക്തമായതായും തൃണമൂൽ പ്രതികരിച്ചു. നാല്പത്തിയഞ്ചു മണ്ഡലങ്ങളിലേക്കാണ് നാളെ പശ്ചിമബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam