പെഗാസസിൽ ബംഗാളിന്‍റെ അന്വേഷണം ഉടൻ വേണ്ട; അടുത്ത ആഴ്ച സമഗ്ര ഉത്തരവെന്ന് സുപ്രീംകോടതി

By Web TeamFirst Published Aug 25, 2021, 2:43 PM IST
Highlights

പെഗാസസിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: പെഗാസസിൽ പശ്ചിമബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യൽ സമിതിയുടെ അന്വേഷണം ഇപ്പോൾ തുടങ്ങരുതെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച സമഗ്ര ഉത്തരവ് ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ സൂചന നൽകി. പെഗാസസ് ഫോണ്‍ചോര്‍ത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റ് ഹര്‍ജികൾക്കൊപ്പം ബംഗാൾ കേസും പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.

തൃണമൂൽ നേതാവും മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ പെഗാസസ് നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാനാണ് പശ്ചിമബംഗാൾ സര്‍ക്കാര്‍ ജുഡീഷ്യൽ സമിതി രൂപീകരിച്ചത്.  റിട്ട ജസ്റ്റിസ് മദൻ  ബി ലോക്കൂറിന്‍റെ നേതൃത്വത്തിലുള്ള ഈ സമിതിയുടെ അന്വേഷണം തത്കാലം തുടങ്ങേണ്ടെന്നാണ് ബംഗാൾ സര്‍ക്കാരിനോട് സുപ്രീംകോടതിയുടെ വാക്കാൽ നിര്‍ദ്ദേശം. പെഗാസസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ കൂടി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നും കോടതി വ്യക്തമാക്കി. 

അടുത്ത ആഴ്ച പെഗാസസ് ഹര്‍ജികളിൽ സമഗ്രമായ ഒരു ഉത്തരവ് ഉണ്ടാകുമെന്ന സൂചനയും ചീഫ് ജസ്റ്റിസ് നൽകി.  അതിന് മുമ്പ് ബംഗാൾ സര്‍ക്കാരിന്‍റെ ജുഡീഷ്യൽ സമിതി അന്വേഷണം തുടങ്ങിയാൽ അതിനെതിരെ ഉത്തരവിറക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. പെഗാസസിൽ സമാന്തര അന്വേഷണമല്ലെന്ന് വിശദീകരിച്ച ബംഗാൾ സര്‍ക്കാര്‍, ഇപ്പോൾ അന്വേഷണം തുടങ്ങില്ലെന്ന് കോടതിക്ക് ഉറപ്പു നൽകി. പെഗാസസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളിലും അടുത്ത ആഴ്ച ഒന്നിച്ചു പരിഗണിക്കുമെന്നും കോടതി അറിയിച്ചു. 

ഒരുപക്ഷെ, രാജ്യവ്യാപകമായി വലിയ പ്രത്യാഘാതം ഉണ്ടാക്കാവുന്ന കേസായിരിക്കും ഇതെന്ന പരാമര്‍ശവും വാദത്തിനിടെ കോടതി നടത്തി. പെഗസസിൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരുമൊക്കെ നൽകിയ ഹര്‍ജികളിൽ കഴിഞ്ഞ ആഴ്ച കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. പെഗാസസിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!