സ്കൂള്‍ വാന്‍ അപകടം; കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു, തലച്ചോറിലേക്ക് ഓക്സിജന്‍ എത്തുന്നില്ലെന്ന് ഡോക്ടര്‍

By Web TeamFirst Published Feb 15, 2020, 8:35 PM IST
Highlights

കുട്ടികള്‍ക്ക് സെറിബ്രൽ അനോക്സിയയുടെ ലക്ഷണമാണ് കാണുന്നതെന്നാണ് ഡോക്ടറുടെ വിശദീകരണം. തലച്ചോറിലേക്ക് ഓക്സിജന്‍ ലഭിക്കാത്ത അവസ്ഥയാണ് ഇത്. 

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ റോഡ് സൈഡിലെ കനാലിലേക്ക് സ്കൂള്‍ വാന്‍ മറിഞ്ഞ് ഗുരുതര പരിക്കേറ്റ രണ്ട് കുട്ടികളുടെ നില മാറ്റമില്ലാതെ തുടരുന്നു. 15 കുട്ടികളും ഒരു സഹായിയും ഡ്രൈവറുമടക്കം 17 പേര്‍ക്കും അപതടത്തില്‍ പരിക്കേറ്റിരുന്നു. ഇതില്‍ ഗുരുതര പരിക്കേറ്റ രണ്ട് കുട്ടികളെ  കൊല്‍ക്കത്തയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു അപകടം. 

കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ച് അറിയാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ട് ആശുപത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടു. അഞ്ചും ആറും വയസ്സുള്ള റിഷഭ സിംഗ്, ദിബ്യാന്‍ഷു ഭക്ത് എന്നീ വിദ്യാര്‍ത്ഥികളാണ് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നത്. വിദ്യാര്‍ത്ഥികളെ ചികിത്സിക്കാന്‍ ഏഴംഗ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

''ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്. ലഭ്യമാകുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കുട്ടികളെ ചികിത്സിക്കും. അവരുടെ നില ഇപ്പോഴും ഗുരുതരമാണ്'' - ഹൂഗ്ലി ജില്ലയിലെ സെറംപൂരിലെ പാര്‍ലമെന്‍റ് അംഗം കല്യാണ്‍ ബാനര്‍ജി പറഞ്ഞു. 

സ്കൂളിലേക്ക് പോകുന്നതിനിടെയാണ് വാഹനം റോഡ്സൈഡിനോട് ചേര്‍ന്നുള്ള കനാലിലേക്ക് മറിഞ്ഞത്. തുടര്‍ന്ന് ഗുരുതര പരിക്കേറ്റ രണ്ട് കുട്ടികളെ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രിയായ എസ്എസ്കെഎമ്മില്‍ എത്തിക്കാന്‍ പൊലീസ് അറുപത് കിലോമീറ്ററോളം റോഡ് സൗകര്യം ഒരുക്കുകയായിരുന്നു. 

കുട്ടികള്‍ക്ക് സെറിബ്രൽ അനോക്സിയയുടെ ലക്ഷണമാണ് കാണുന്നതെന്നാണ് ഡോക്ടറുടെ വിശദീകരണം. തലച്ചോറിലേക്ക് ഓക്സിജന്‍ ലഭിക്കാത്ത അവസ്ഥയാണ് ഇത്. കനാലില്‍ അകപ്പെട്ടതോടെ കുട്ടികളുടെ ശ്വാസകോശത്തിലേക്ക് മണ്ണ് നിറഞ്ഞ വെള്ളം എത്തിയിട്ടുണ്ടായിരുന്നു. വാരിയെല്ലുകള്‍ തകര്‍ന്നുണ്ടായ മുറിവുകള്‍ കാരണം ശ്വാസകോശത്തിലും തലച്ചോറിലും രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. 

click me!