
ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ വിലക്കുള്ള വസ്തുക്കളുടെ നീണ്ട പട്ടികയുമായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ). ശരിയായി പൊതിയാത്ത മത്സ്യവും മാംസവും മെട്രൊ ട്രെയിനിൽ കൊണ്ടുപോകാൻ അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബിഎംആർസിഎല്ലിന്റെ ട്വിറ്റർ പേജിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 13 ന് ഒരു യാത്രക്കാരൻ തനിക്ക് മെട്രോ സ്റ്റേഷനിൽ വച്ചുണ്ടായ അനുഭവം വ്യക്തമാക്കുന്ന ട്വിറ്റർ പോസ്റ്റിട്ടിരുന്നു. ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴി മീൻ വാങ്ങി മെട്രോ സ്റ്റേഷനിലെത്തിയ തന്നെ സുരക്ഷാ ജീവനക്കാരൻ ഉള്ളിലേക്ക് കടത്തിവിട്ടില്ലെന്നും മത്സ്യം കൊണ്ടുപോകാൻ അനുമതിയില്ലെന്നറിയിക്കുകയുമായിരുന്നുവെന്ന് പോസ്റ്റിൽ പറയുന്നു .
മെട്രോ ട്രെയിൻ മതപരമായ സ്ഥലമല്ലാത്തപക്ഷം അധികൃതർ പക്ഷപാതം കാണിക്കുന്നതെന്തിനാണെന്നു ചോദിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഇതിനു മറുപടിയെന്ന നിലയിലാണ് മെട്രോ ട്രെയിനിൽ വിലക്കുള്ള വസ്തുക്കളുടെ പട്ടിക അധികൃതർ നൽകിയത്. ഗന്ധം പുറത്തുവരാത്ത വിധത്തിൽ പാക്ക് ചെയ്ത മത്സ്യമാംസാദികൾക്ക് വിലക്കില്ലെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
Read More: ഡ്യൂട്ടിക്കിടെ ഓഫീസില്‍ വച്ച് വിവാഹം; ഐഎഎസുകാരനും ഐപിഎസുകാരിയും വിവാദത്തില്‍
മൂർച്ചയുള്ള വസ്തുക്കൾ, യുദ്ധോപകരണങ്ങൾ, സ്ഫോടക വസ്തുക്കൾ തുടങ്ങിയവയ്ക്കും വളർത്തുമൃഗങ്ങൾക്കും മെട്രോ ട്രെയിനിൽ വിലക്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബറിലാണ് മെട്രോ യാത്രക്കിടയിൽ സ്ത്രീകൾക്ക് ബാഗിൽ പെപ്പർ സ്പ്രേ സൂക്ഷിക്കുന്നതിന് ബിഎംആർസിഎൽ അനുമതി നൽകിയത്. ഹൈദരാബാദിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam