
ബെംഗളൂരു: ബംഗളൂരുവിൽ അർധ രാത്രി പുറത്തിറങ്ങിയതിന് ദമ്പതികൾക്ക് പിഴ. രാത്രി 11 മണിക്ക് ശേഷം വീടിനടുത്തുള്ള തെരുവിലൂടെ നടന്നതിനാണ് പൊലീസ് പിഴ വിധിച്ചത്. പേടിമം ആപ് വഴി 3000 രൂപ ആവശ്യപ്പെടുകയും 1,000 രൂപ നൽകുകയും ചെയ്തെന്ന് ദമ്പതികൾ ആരോപിച്ചു. സുഹൃത്തിന്റെ വീട്ടിൽ ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് നടക്കുകയായിരുന്നു ദമ്പതികൾ. ഇതിനിടെയാണ് പൊലീസ് തടഞ്ഞുനിർത്തി വ്യക്തിവിവരങ്ങൾ ചോദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ ആരോപണ വിധേയരായ പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
കാർത്തിക് പത്രി എന്നയാളാണു വിഷയത്തിൽ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണറുടെ സഹായം ആവശ്യപ്പെട്ടു ട്വിറ്റ് ചെയ്തത്. 15 ട്വീറ്റുകളിലായി ഇയാൾ പൊലീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ചു. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് വീട്ടിലേക്കു മടങ്ങുമ്പോൾ രാത്രി 12.30നോട് അടുത്തിരുന്നു. മാന്യത ടെക് പാർക്കിനു സമീപമുള്ള സൊസൈറ്റിയിലാണ് താമസം. വീടിന്റെ ഗേറ്റിന് അടുത്ത് എത്തിയപ്പോൾ പൊലീസ് വാഹനം മുന്നിൽ വന്നുനിന്നു. ഇവർ ഐഡി കാർഡ് കാണിക്കാൻ പറഞ്ഞു. പ്രായപൂർത്തിയായ ദമ്പതികൾ വീടിന് സമീപം നടന്നതിന് എന്തിനാണ് ഐഡി കാർഡ് കാണിക്കുന്നത് എന്നുകരുതി ഞെട്ടിയ എങ്കിലും ആധാർ കാർഡുകളുടെ ചിത്രങ്ങൾ പൊലീസിനെ കാണിച്ചു. എന്നാൽ, പൊലീസ് ബലം പ്രയോഗിച്ച് ഫോണുകൾ വാങ്ങുകയും വ്യക്തിവിവരങ്ങള്‍ ചോദിക്കുകയും ചെയ്തു.
പൊലീസുകാരിൽ ഒരാൾ പേരും ആധാർ നമ്പറുകളും രേഖപ്പെടുത്താൻ തുടങ്ങി. രാത്രി 11നുശേഷം റോഡിൽ കറങ്ങിയതിനുപിഴ ഈടാക്കാനാണെന്നാണ് അന്വേഷിച്ചപ്പോൾ പറഞ്ഞു. അത്തരമൊരു നിയമമില്ലെങ്കിലും സംയമനം പാലിച്ച് മിണ്ടാതിരു 1,000 രൂപയെങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ടു. പണം പേടിഎം വഴി മതിയെന്നും ഇവർ പറഞ്ഞു. അർധരാത്രിയിൽ പ്രശ്നങ്ങൾ ഒഴിവാക്കാനായി പണം നൽകി. ഇനി അർധരാത്രി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയാണ് പൊലീസ് വിട്ടയച്ചതെന്നും ഇവർ ആരോപിച്ചു. സംഭവം വിവാദമായതോടെ ബെംഗളൂരു സിറ്റി നോർത്ത് ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അനൂപ് എ. ഷെട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം നടത്തി സംപിഗെഹള്ളി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളിനെയും ഹെഡ് കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam