
ബെംഗളൂരു: മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുന്നു. ഇന്ന് രാവിലെയാണ് സേർച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്. ഇന്നലെ ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നടിക്ക് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ നടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കേസിലെ നാലാം പ്രതി വിരേൻ ഖന്നയുടെ വീട്ടിലും റെയ്ഡ് നടത്തിയെന്ന് സിസിബി.
കന്നഡയില്‍ കൂടാതെ മലയാളം തെലുങ്ക് തമിഴ് സിനിമകളിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദക്ഷിണേന്ത്യയിലെ മുന്‍നിര നടിയാണ് സഞ്ജന ഗല്‍റാണി. കസനോവ, ദ കിങ് ആന്‍ഡ് കമ്മീഷണർ എന്നിവയാണ് അഭിനയിച്ച മലയാള സിനിമകൾ. നടി നിക്കി ഗല്‍റാണിയുടെ സഹോദരികൂടിയാണ്. ലഹരി പാർട്ടികൾ സംഘടിപ്പിച്ചതിന് നേരത്തെ അറസ്റ്റിലായ രാഹുല്‍ ഷെട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടിയെ കസ്റ്റഡിയിലെടുത്തത്. ഇന്ദിരാ നഗറിലെ നടിയുടെ വീട്ടില്‍ രാവിലെ പരിശോധന നടത്തിയതിന് പിന്നാലെയാണ് സിസിബി നടിയെ കസ്റ്റഡിയിലെടുത്തത്. ബെംഗളൂരു ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്. നേരത്തെ പിടിയിലായ മൂന്നാംപ്രതി വിരേന്‍ ഖന്നയുടെ വീട്ടിലും പോലീസ് ഇന്ന് റെയ്ഡ് നടത്തി.
അതേസമയം കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ നിയാസിന്‍റെ മലയാള സിനിമാ ബന്ധങ്ങളും പുറത്തുവന്നു. ഈയിടെ പുറത്തിറങ്ങിയ മലയാളസിനിമകളില്‍ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള നിയാസ് എറണാകുളം ജില്ലക്കാരനാണ്. മലയാള സിനിമയിലെ പലരുമായും അടുത്ത ബന്ധമുള്ള നിയാസ് മോഡലിംഗ് രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. ഇതോടെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം മലയാള സിനിമയിലേക്ക് നീളുമെന്നും ഉറപ്പായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam