
ബെംഗളൂരു: അമൃതഹള്ളി കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നിഖിൽ, ഡിക്സൺ, അനിരുദ്ധ, മോഹിത്, ശ്രാവൺ എന്നിവരാണ് പിടിയിലായത്. പിടിയിലായവരിൽ ദാവൻഗരെ കൗൺസിലറുടെ മകനും ഉൾപ്പെടുന്നുണ്ട്. പ്രതികളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു. പ്രതികളുടെ വലയിൽ കുടുങ്ങിയത് ബെംഗളൂരുവിലെ പ്രമുഖ കോളേജുകളിൽ നിന്നുള്ള നിരവധി കോളേജ് വിദ്യാർത്ഥിനികളാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരെ അടക്കം പ്രതികൾ ലക്ഷ്യമിട്ടതായാണ് പൊലീസ് വിശദമാക്കുന്നത്. നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ പൊലീസ് കൂടുതൽ പെൺകുട്ടികളുടെ മൊഴികൾ ശേഖരിച്ചിട്ടുണ്ട്. ഫെബ്രുവരി 14ന് 19കാരി നൽകിയ പരാതിയിലുള്ള അന്വേഷണത്തിലാണ് കൂട്ടബലാത്സംഗത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
ഏഴ് പേർ കേസിൽ സാക്ഷികളായിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ 21കാരൻ ഡിക്സൺ സാന്ദ്ര പശ്ചിമ ബംഗാൾ സ്വദേശിയാണ്. മറ്റൊരു പ്രതിയായ 34കാരൻ നിഖിൽ ഹാസനിലെ സകലേഷ്പൂർ സ്വദേശിയാണ്. ശിവമോഗ സ്വദേശിയാണ് ശ്രാവൺ, ഗുജറാത്ത് സ്വദേശി മോഹിത് ജെയിൻ, ദാവൻഗരെ സ്വദേശി അനിരുദ്ധ് എന്നിവരെയാണ് പ്രധാന പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. അനിരുദ്ധിന്റെ പിതാവാണ് ദാവൻഗരെ കൗൺസിലർ. പെൺകുട്ടിയെ പീഡിപ്പിച്ച വില്ല ബുക്ക് ചെയ്തത് അനിരുദ്ധ് ആണെന്നാണ് പൊലീസ് പറയുന്നത്. കോൺട്രാക്ടറായ അനിരുദ്ധിനോട് ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെയും മറ്റ് രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി നിഖിൽ പെൺകുട്ടിയെ ലുലു മാളിന് സമീപം കൊണ്ടുവിട്ടത് മോഹിത്തിൻ്റെ കാറിലായിരുന്നു.
നിഖിലിൻ്റെ സുഹൃത്തുക്കളായ ശ്രാവണും മോഹിത്തും കേസിൽ പങ്കാളികളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് ഈ സംഘം പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. ഫോട്ടോഷൂട്ട്, മോഡലിംഗ്, പാർട്ടി എന്നിവയുടെ പേരുപറഞ്ഞ് ഇവരെ ക്ഷണിക്കും. തുടക്കത്തിൽ വിശ്വാസം നേടാനായി പബ്ബുകളിലും കഫേകളിലും വെച്ച് കാണുകയും മാന്യമായി പെരുമാറുകയും ചെയ്യും. സൗഹൃദം ശക്തമാകുമ്പോൾ പാർട്ടിക്കെന്ന പേരിൽ വില്ലകളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു ഇവരുടെ രീതി. മറ്റു പ്രതികൾക്ക് ഇത്തരം കാര്യങ്ങൾക്കായി നിഖിൽ പണം നൽകിയിരുന്നതായും വിവരമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam