
ബെംഗളൂരു: ബെംഗളൂരുവിൽ ഗുണ്ടയെ വെട്ടിക്കൊന്ന സംഭവത്തിൽ മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ ബൈരതി ബസവരാജിനെ പ്രതി ചേർത്ത് പൊലീസ്. കെആർ പുര എംഎൽഎയായ ബൈരതി ബസവരാജിനെയാണ് പ്രതി ചേർത്തത്. കഴിഞ്ഞ ബിജെപി സർക്കാരിൽ നഗര വികസന മന്ത്രിയായിരുന്നു ബൈരതി ബസവരാജ്. അൾസൂരിലെ വീട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. 46 കാരനായ ശിവകുമാർ ആണ് കൊല്ലപ്പെട്ടത്.
ഭൂമാഫിയ തർക്കത്തെ തുടർന്ന് ബസവരാജിന്റെ ഗുണ്ടകൾ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ശിവകുമാർ നേരത്തെ കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതിൻറെ വീഡിയോയും അന്ന് ശിവകുമാർ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി ശിവകുമാറിനെ ഒരു സംഘമാളുകൾ വെട്ടിക്കൊലപ്പെടുത്തിയത്. വീടിന് മുന്നിൽ നിൽക്കുമ്പോൾ ബൈക്കിൽ എത്തിയ അക്രമി സംഘം വടിവാൾ കൊണ്ട് വെട്ടി കടന്നുകളയുകയായിരുന്നു. അതിക്രൂരമായാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. റോഡിലേക്ക് വലിച്ചിറക്കി പല തവണ വെട്ടിയെന്നും ശരീരഭാഗങ്ങൾ പലതും വെളിയിൽ വന്ന നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ഭാരതി നഗർ പൊലീസ് സ്റ്റേഷനിൽ ശിവകുമാറിനെതിരെ 11 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam