
ബെംഗളൂരു: ലക്ഷ്യസ്ഥാനത്ത് ഇറക്കാൻ വിസമ്മതിക്കുകയും തർക്കത്തിനൊടുവിൽ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി ബെംഗളൂരു മലയാളി യുവതിയുടെ പരാതി. ഊബർ ഓട്ടോ ഡ്രൈവറിൽ നിന്നുണ്ടായ മോശം അനുഭവത്തിന്റെ വീഡിയോ യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ സംഭവം വൈറലായി. ഇതോടെ ഊബർ അധികൃതരും പൊലീസും വിഷയത്തിൽ ഇടപെട്ടു. ആമി മലയാളി യുവതിക്കാണ് ദുരനുഭവമുണ്ടായത്. ആപ്പിൽ കാണിച്ചിരുന്ന ലക്ഷ്യസ്ഥാനത്ത് നിർത്താൻ ആവശ്യപ്പെട്ടതോടെ ഡ്രൈവർ പ്രകോപിതനായി ആക്രമിക്കാൻ ശ്രമിക്കുകയും ഭയപ്പെടുത്തുന്ന രീതിയിൽ പ്രതികരിക്കുകയായിരുന്നു എന്നും ആമിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.
ആമി പങ്കുവെച്ച വീഡിയോയിൽ, ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ വണ്ടി മുന്നോട്ടെടുക്കുന്നത് കാണാം. കന്നഡയിലായിരുന്നു ഇരുവരുടെയും സംഭാഷണം. തന്നെ ഡ്രോപ്പിങ് പോയിന്റിൽ ഇറക്കാൻ യുവതി ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ ദേഷ്യത്തോടെ പ്രതികരിക്കുകയായിരുന്നു. "അയാൾ പെട്ടെന്ന് ഒരു യു-ടേൺ എടുത്ത് ഞങ്ങൾ വന്ന സ്ഥലത്തേക്ക് തന്നെ തിരിച്ചുപോകാൻ ശ്രമിച്ചു, എന്ന് വീഡിയോ സഹിതം ആമി ആരോപിച്ചു. തുടർന്ന്, ഓട്ടോയുടെ രജിസ്‌ട്രേഷൻ നമ്പർ കുറിച്ചെടുക്കാൻ ശ്രമിച്ചതോടെ ഡ്രൈവറുമായുള്ള തർക്കം രൂക്ഷമായി. "അയാൾ എന്നെ അടിക്കാൻ ശ്രമിച്ചു," എന്നും ആമി കുറിച്ചു.
വ്യാജ നമ്പർ പ്ലേറ്റും ഊബറിൻ്റെ സുരക്ഷാ പ്രശ്നങ്ങളും
സംഭവത്തിൽ ഉൾപ്പെട്ട ഓട്ടോയുടെ നമ്പർ പ്ലേറ്റ് ഊബർ ആപ്പിൽ കാണിച്ചതുമായി പൊരുത്തപ്പെടുന്നില്ലെന്നും യുവതി വ്യക്തമാക്കി. ഊബർ ഡ്രൈവർമാർ വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നത് ബെംഗളൂരുവിൽ സാധാരണമാണെന്നും, അതിനാൽ ഓട്ടോയിൽ കയറുമ്പോൾ അത് കാര്യമാക്കിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. സുരക്ഷയും വിശ്വാസ്യതയേയും മുൻനിർത്തിയാണ് ഊബർ തിരഞ്ഞെടുക്കുന്നത്, എന്നാൽ ഇത്തരം മോശം അനുഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് നിരാശയുണ്ടാക്കുന്നുവെന്നും ആമി പറഞ്ഞു. ഇത് എൻ്റെ ആദ്യത്തെ മോശം അനുഭവമല്ല. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് ഊബർ പ്രഥമ പരിഗണന നൽകണം എന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, ആമിയുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ബെംഗളൂരു പൊലീസ് പ്രതികരണവുമായി എത്തി. "കൃത്യമായ സ്ഥലവിവരങ്ങളും നിങ്ങളുടെ കോൺടാക്ട് നമ്പറും നൽകുക," എന്ന് പൊലീസ് കുറിച്ചു. ഊബർ അധികൃതരും ആമിയുടെ പോസ്റ്റിന് മറുപടി നൽകുകയും, വിശദാംശങ്ങൾ ആവശ്യപ്പെട്ട് നേരിട്ട് സന്ദേശം അയച്ചിട്ടുണ്ടെന്നും അന്വേഷണം നടത്താമെന്നും അറിയിച്ചു.
അതേസമയം, നിരവധി ഉപയോക്താക്കൾ ആമിയെ പിന്തുണയ്ക്കുകയും ഊബർ തങ്ങളുടെ സുരക്ഷാ പരിശോധനകൾ ശക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വ്യാജ നമ്പർ പ്ലേറ്റുകളും ഡ്രൈവർമാരുടെ മോശം പെരുമാറ്റവും ബെംഗളൂരുവിൽ പതിവാണെന്നും മറ്റ് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ആമിക്ക് ശാരീരികമായി പരിക്കേറ്റിട്ടില്ലെങ്കിലും, റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമുകളിലെ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചും ഡ്രൈവർമാരുടെ വിവരങ്ങൾ ഉറപ്പുവരുത്തുന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾ ഈ സംഭവം വീണ്ടും സജീവമാക്കിയിട്ടുണ്ട്.