
ഭുവനേശ്വർ: നദിയിൽ വസ്ത്രങ്ങൾ കഴുകുന്നതിനിടെ സ്ത്രീയെ മുതല പിടിച്ചു. 57 വയസ്സുകാരിയെ മുതല നദിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടുനിൽക്കാനേ കൂടെയുള്ളവർക്ക് കഴിഞ്ഞുള്ളൂ. ഒഡീഷയിലെ ജാജ്പൂർ ജില്ലയിലെ ഖരസ്‍സ്രോത നദിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.
ബിൻജാർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാന്തിയ ഗ്രാമത്തിലെ സൗദാമിനി മഹലയെയാണ് മുതല പിടിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ നദിയിൽ വസ്ത്രങ്ങൾ കഴുകാനും കുളിക്കാനുമായാണ് സൗദാമിനി വന്നത്. അതിനിടെ ആരും പ്രതീക്ഷിക്കാത്ത നേരത്ത് മുതല നദിയിൽ നിന്നും പൊങ്ങി വരികയായിരുന്നു. നദിക്കരയിലുണ്ടായിരുന്ന ഗ്രാമീണർ ഉറക്കെ നിലവിളിച്ചു. മുതലയെ എങ്ങനെ നേരിടുമെന്ന് അറിയാതെ നിന്നു. ചിലർ ശബ്ദമുണ്ടാക്കി മുതലയുടെ ശ്രദ്ധ മാറ്റി സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ ആ ശ്രമം വിജയിച്ചില്ല.
ചിലർ നദിയിലേക്ക് സ്വന്തം ജീവൻ വകവെയ്ക്കാതെ എടുത്തുചാടിയെങ്കിലും രക്ഷിക്കാനായില്ലെന്ന് ദൃക്‌സാക്ഷിയായ നബ കിഷോർ മഹല പറഞ്ഞു. പക്ഷേ മുതല പിടിവിടാൻ തയ്യാറായില്ല. സ്ത്രീയുമായി നദിയുടെ ആഴമുള്ള ഭാഗത്തേക്ക് പോയി. തുടർന്ന് അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി. നദിയിൽ തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam