ബെംഗളൂരു മെട്രോ തൂൺ തകർന്ന സംഭവം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, സർക്കാരിന് നോട്ടീസ്

Published : Jan 13, 2023, 01:02 PM IST
ബെംഗളൂരു മെട്രോ തൂൺ തകർന്ന സംഭവം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, സർക്കാരിന് നോട്ടീസ്

Synopsis

ബെംഗളുരു മെട്രോക്ക് പുറമെ ബെംഗളുരു കോർപ്പറേഷൻ, കരാറുകാർ തുടങ്ങിയവരും കോടതി നടപടികൾ നേരിടേണ്ടി വരും

ബെംഗളുരു: ബെംഗളുരു മെട്രോയുടെ നിര്‍മ്മാണത്തിലിരുന്ന തൂൺ തകർന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത്  കർണാടക ഹൈക്കോടതി. മാധ്യമ വാർത്തകളുടെ  അടിസ്ഥാനത്തിലാണ്  കോടതി കേസെടുത്തത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 

മെട്രോ നിര്‍മ്മാണത്തിൽ  എന്ത് സുരക്ഷാ നടപടികളാണ്  സ്വീകരിച്ചിരിക്കുന്നതെന്ന്  വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. ബെംഗളുരു മെട്രോക്ക് പുറമെ ബെംഗളുരു കോർപ്പറേഷൻ, കരാറുകാർ തുടങ്ങിയവരും കോടതി നടപടികൾ നേരിടേണ്ടി വരും. ജനുവരി 10നാണ് നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് അമ്മയും  കു‍ഞ്ഞും മരിച്ചത്. അപകടം നടന്ന സ്ഥലത്ത് ഹൈദരാബാദ് ഐഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി. ബെംഗളൂരു മെട്രോ ലിമിറ്റഡിന്റെ നിർദ്ദേശ പ്രകാരം ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട്  ഓഫ്  സയൻസും പരിശോധനകൾ നടത്തി വരികയാണ്.

മെട്രോ തൂണ് തകർന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. നിർമാണക്കമ്പനി ഉടമയടക്കം എട്ട് പേരാണ് കേസിലെ പ്രതികൾ. നാഗാർജുന കൺസ്ട്രക്ഷൻസ് എന്ന കമ്പനിയുടെ നേതൃത്വത്തിലായിരുന്നു അപകടം നടന്ന ഭാഗത്തെ നിർമ്മാണം. കമ്പനി ഡയറക്ടർ ചൈതന്യ, നിർമാണത്തിന്‍റെ സൂപ്പർ വൈസർമാരായ ലക്ഷ്മിപതി, ജെ ഇ പ്രഭാകർ എന്നിവരാണ് കേസിലെ ആദ്യ മൂന്ന് പ്രതികൾ. നിർമാണ കമ്പനിയുടെ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നും കുറ്റക്കാരായവർക്കെതിരെ കർ‍ശന നടപടിയെടുക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗജ്ഞാനേന്ദ്ര പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള കുഞ്ഞ് അപകടനില തരണം ചെയ്തെന്നും ചികിത്സ തുടരുകയാണെന്നും ആശുപത്രി അധികൃതരും അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ