150 ദിവസം, 3500 കീമി പദയാത്ര; ഇന്ത്യയുടെ ഹൃദയം തൊടാൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര, കോൺഗ്രസ് പ്രതീക്ഷകൾ!

By Web TeamFirst Published Sep 7, 2022, 1:41 AM IST
Highlights

കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം. കന്യാകുമാരി മുതൽ കാശ്മീർ വരെ 5 മാസം നീളുന്ന പദയാത്രയായാണ് ഭാരത് ജോഡോ സംഘടിപ്പിക്കുന്നത്

തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം. കന്യാകുമാരി മുതൽ കാശ്മീർ വരെ 5 മാസം നീളുന്ന പദയാത്രയായാണ് ഭാരത് ജോഡോ സംഘടിപ്പിക്കുന്നത്. രാജീവ്ഗാന്ധി വീരമൃത്യുവരിച്ച ശ്രീപെരുമ്പത്തൂരില്‍ ഇന്ന് രാവിലെ ആദ്യം എത്തി രാഹുല്‍ഗാന്ധി പ്രാര്‍ത്ഥന നടത്തും. ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരു മണിയോടെ ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിക്കും. ശേഷമാകും യാത്രയ്ക്ക് ഔദ്യോഗിക തുടക്കം.

ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധത്തിന് പദ്ധതിയിട്ട ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് തമിഴ്നാട്ടിൽ അറസ്റ്റിൽ ഈയി , ദിണ്ടിഗൽ റയിൽവേ സ്റ്റേഷനിൽ നിന്നാണ് അർജുൻ സമ്പത്തിനെ അറസ്റ്റ് ചെയ്തത് . ഭാരത് ജോഡോ യാത്ര ഉദ്ഘാടനം നടക്കാനിരിക്കുന്ന കന്യാകുമാരിക്ക് പോകാനായിരുന്നു പദ്ധതി . അർജുൻ സമ്പത്തിനെ തമിഴ്നാട് പൊലീസ് കരുതൽ കസ്റ്റഡിയിൽ എടുത്തു

കന്യാകുമാരി-കശ്മീർ, 3500 കീമി പദയാത്ര, രാഹുലിനൊപ്പം 118 നേതാക്കൾ; ഭാരത് ജോഡോ യാത്ര ചരിത്ര ദൗത്യമെന്ന് കോൺഗ്രസ്

യാത്രയിൽ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രവർത്തകരുമായി രാഹുൽ സംവദിക്കും. രാജ്യത്ത് ഐക്യം ഉറപ്പിക്കാനെന്ന പേരിലുള്ള യാത്ര ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നത് കൂടി ലക്ഷ്യമിട്ടാണ് നടത്തുന്നത്. എഴുത്തുകാർ , ആക്ടിവിസ്റ്റുകൾ അടക്കമുള്ള വിവിധ വിഭാഗങ്ങളിൽപെട്ടവരും യാത്രയുടെ ഭാഗമാകും. പ്രത്യേകം തെരഞ്ഞെടുത്ത 117 കോൺഗ്രസ് നേതാക്കളാണ് രാഹുലിനൊപ്പം 3500 കിലോമീറ്റർ പദയാത്രയ്ക്കൊപ്പം ചേരുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്താണ് രാഹുല്‍ഗാന്ധി യാത്ര തുടങ്ങുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇന്ദിരാഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്നലെ പറഞ്ഞത്. യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുഴുവന്‍ അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വിവരിച്ചിരുന്നു. മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും കന്യാകുമാരിയിലെത്തും. 118 സ്ഥിരം അംഗങ്ങളാണ് രാഹുല്‍ഗാന്ധിക്കൊപ്പം യാത്രയിലുടനീളം പങ്കെടുക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിരം പദയാത്രികരും അണിചേരുമെന്നും വേണുഗോപാൽ വ്യക്തമാക്കി. സെപ്റ്റംബര്‍ 7ന് രാവിലെ ഏഴിന് രാജീവ്ഗാന്ധി വീരമൃത്യുവരിച്ച ശ്രീപെരുമ്പത്തൂരില്‍ എത്തി രാഹുല്‍ഗാന്ധി പ്രാര്‍ത്ഥന നടത്തും. ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരു മണിയോടെ ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിക്കും. വൈകുന്നേരം മൂന്നിന് തിരുവള്ളൂര്‍ സ്മാരകം സന്ദര്‍ശിക്കുന്ന രാഹുല്‍ഗാന്ധി, വിവേകാനന്ദ സ്മാരകത്തിലും കാമരാജ് സ്മാരകത്തിലും സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ഗാന്ധിമണ്ഡപത്തിലെത്തി പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കുചേരുമെന്നും വേണുഗോപാൽ വിശദീകരിച്ചു.

'രാജപ്രഭ'യിൽ നിന്ന് ആദ്യത്തെ അനുഭവമല്ല; പിന്നാലെ പാഞ്ഞ് ബസ് തടഞ്ഞിട്ട സാന്ദ്രയുടെ ധീരതയിൽ നടപടിയെന്ത്?

യാത്രയില്‍ ഉടനീളം ഉപയോഗിക്കുന്ന ത്രിവര്‍ണ പതാക ഗാന്ധിമണ്ഡപത്തില്‍ നിന്ന് സ്വീകരിക്കും. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്ന പരിതസ്ഥിതി അതിദയനീയമാണെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. എല്ലാ മേഖലയിലും ഇന്ത്യ വലിയ വെല്ലുവിളിയാണ് നേരിടുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്ത് ഇങ്ങനെയൊരു പദയാത്ര നടത്തുന്നത്. ആറുമാസം കൊണ്ട് 3500ലധികം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച്  രാഹുല്‍ ഗാന്ധി ജനങ്ങളുമായി സംവദിക്കുന്നത് രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനാണ്. ഇന്ത്യയുടെ സാമ്പത്തിക രംഗം കൂപ്പുകുത്തി. സാമ്പത്തിക അസമത്വം കൊടികുത്തി വാഴുന്നു. സമ്പന്നര്‍ കൂടുതല്‍ സമ്പത്തുണ്ടാക്കുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി മാറുകയും ചെയ്യുന്ന സ്ഥിതിയാണ്. സാമ്പത്തിക മേഖലയിലും വലിയ ചേരിതിരിവുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയം രാജ്യത്തെ തകര്‍ത്തുവെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

click me!