ബസ് ജീവനക്കാരോട് ഹാജരാകാൻ ആവശ്യപ്പെട്ടതായും ആർ ടി ഒ അറിയിച്ചു. ബസ് ജീവനക്കാരുടെ വിശദീകരണം കിട്ടിയ ശേഷമാകും തുടർ നടപടി

പാലക്കാട്: കൂറ്റനാട് ചാലിശ്ശേരിയിൽ അമിത വേഗത്തിലെത്തിയ ബസ് സാന്ദ്ര തടഞ്ഞിട്ട സംഭവത്തിന് പിന്നാലെ, ഇനിയെന്ത് നടപടിയാകും ഉണ്ടാകുകയെന്ന ചോദ്യമാണ് കേരളം അന്വേഷിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി പാലക്കാട് ആ‍ർ ടി ഒ ആണ് ഇന്നലെ രംഗത്തെത്തിയത്. ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പട്ടാമ്പി ജോയിന്റ് ആർ ടി ഒയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബസ് ജീവനക്കാരോട് ഹാജരാകാൻ ആവശ്യപ്പെട്ടതായും ആർ ടി ഒ അറിയിച്ചു. ബസ് ജീവനക്കാരുടെ വിശദീകരണം കിട്ടിയ ശേഷമാകും തുടർ നടപടി.

അമിത വേഗത്തിലെത്തിയ ബസ് യുവതി തടഞ്ഞിട്ട സംഭവത്തിൽ അന്വേഷണം; ഹാജരാകാൻ ബസ് ജീവനക്കാർക്ക് ആ‍ർടിഒയുടെ നിർദേശം

അതേസമയം 'രാജപ്രഭ' ബസുകളിൽ നിന്ന് നേരത്തേയും മൂന്നോ നാലോ തവണ സമാന അനുഭവം ഉണ്ടായതായി ബസ് തടഞ്ഞിട്ട സാന്ദ്ര വ്യക്തമാക്കിയിരുന്നു. വളവുകളിൽ പോലും ബസ് അമിത വേഗത്തിലാണ് കടന്നുപോകാറുള്ളതെന്ന് നാട്ടുകാരിൽ ചിലരും പറഞ്ഞിരുന്നു. ജീവനക്കാരുടെ ഭാഗത്ത് തെറ്റുണ്ടെന്ന് തെളിഞ്ഞാൽ നടപടിയുമായി മുന്നോട്ടു പോകാനാണ് മോട്ടാർ വാഹന വകുപ്പിന്റെ തീരുമാനം.

ഇന്നലെ രാവിലെയാണ് കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് സ്കൂട്ടർ യാത്രക്കാരിയായ സാന്ദ്ര പിന്തുടർന്ന് തടഞ്ഞിട്ടത്. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂർ സ്വദേശിയാണ് സാന്ദ്ര. ഇന്നലെ രാവിലെ സാന്ദ്ര റോഡിലൂടെ പോകുമ്പോൾ പുറകിൽ നിന്ന് വന്ന ബസ് ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടിൽ കടന്നു പോകുകയായിരുന്നു. എതിരെ വന്ന ലോറിയെ കടന്നു പോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. കടന്നു പോകാനാകില്ല എന്ന് ഉറപ്പായിട്ടും ഡ്രൈവർ നടത്തിയ അതിക്രമം മൂലം ചാലിലേക്ക് സാന്ദ്രയ്ക്ക് വാഹനം ഇറക്കേണ്ടി വന്നു. വാഹനം ഒതുക്കിയെങ്കിലും, തുടർന്ന് ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് സാന്ദ്ര ബസിനെ മറികടന്ന് തടഞ്ഞിടുകയായിരുന്നു. ഇതിന് പിന്നാലെ സാന്ദ്രയുടെ ധീരതയെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയിരുന്നു.