
ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ദില്ലി ജമാമസ്ജിദില്‍ എത്തി പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഭരണഘടനയുടെ ആമുഖം ഉറക്കെവായിച്ചുകൊണ്ടാണ് ആസാദ് സമരത്തിന്‍റെ ഭാഗമായത്. ദില്ലിയിൽ പ്രകടനങ്ങൾ നടത്തരുതെന്ന് ആസാദിനോട് കോടതി ഉത്തരവിട്ടിരുന്നു. ദില്ലിയില്‍ നിന്ന് പുറത്തുപോകാന്‍ കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെയായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജമാമസ്ജിദിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്.
നൂറുകണക്കിന് അനുനായികളാണ് ചന്ദ്രശേഖര്‍ ആസാദിനൊപ്പം പ്രതിഷേധത്തില്‍ അണിനിരന്നത്. തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം 24 മണിക്കൂര്‍ അദ്ദേഹത്തിന് ദില്ലിയില്‍ തുടരാമെന്നാണ് കോടതി വിധി. അദ്ദേഹമല്ല ജമാമസ്ജിദിലെ പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്നാണ് ചന്ദ്രശേഖര്‍ ആസാദ് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചത്. 'സിഎഎ പിന്‍വലിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും. രാജ്യത്തെ വിഭജിക്കുന്നവര്‍ക്കെതിരെയാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്.ആസാദ് പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ചന്ദ്രശേഖര്‍ ആസാദ് ഇന്നലെയാണ് ജയില്‍മോചിതനായത്. ദില്ലി തീസ് ഹസാരി കോടതി ഉപാധികളോടെ ആസാദിന് ജാമ്യം അനുവദിച്ചത്.അടുത്ത ഒരുമാസത്തേക്ക് ദില്ലിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കോടതി ആസാദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 16-ന് മുമ്പായി ആസാദ് ചികിത്സയ്ക്കായി ദില്ലി എയിംസില്‍ പോകാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ദില്ലി പൊലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട് .ഉത്തര്‍പ്രദേശിലെ സഹന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും ആസാദിന്റെ ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam