
ദില്ലി: മഹാത്മാ ഗാന്ധിക്ക് രാജ്യത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഭാരതരത്ന നല്‍കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഗാന്ധി രാഷ്ട്രത്തിന്‍റെ പിതാവാണെന്നും ജനം അദ്ദേഹത്തെ പുരസ്കാരങ്ങളേക്കാള്‍ ഉയരത്തിലാണ് കാണുന്നതെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ തലനവായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോടതി ഹര്‍ജിക്കാരന്‍റെ വാദങ്ങളും വീക്ഷണങ്ങളും അംഗീകരിച്ചെങ്കിലും സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നിര്‍ദേശിച്ചു.
ഗാന്ധി ഭാരതരത്നയേക്കാള്‍ മുകളിലാണ്. ജനമനസ്സില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം എത്രയോ മുകളിലാണ്. നിങ്ങളുടെ വികാരം ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ ഈ പരാതി സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ സര്‍ക്കാറിനെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്ന മഹാത്മാ ഗാന്ധിക്ക് ഭാരതരത്ന നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരന്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഗാന്ധിക്ക് ഭാരതരത്നയേക്കാള്‍ ഉന്നതമായ അംഗീകാരം നല്‍കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ അംഗീകാരത്തിന്‍റെ പേര് നിര്‍ദേശിക്കാന്‍ കോടതി ആവശ്യപ്പെട്ടു. അത് സര്‍ക്കാര്‍ തീരുമാനിക്കണമെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു.
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ മുഖമായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയും ക്വിറ്റ് ഇന്ത്യ സമരത്തിലൂടെയും ഗാന്ധി സ്വാതന്ത്ര്യ സമരത്തിന് ഗതി നല്‍കി. 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലായിരുന്നു ജനനം. 1948 ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്സെ ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തി. ഗാന്ധിയുടെ ജന്മദിനമാണ് അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നത്.
അവസാനമായി, 2019ല്‍ മൂന്ന് പേര്‍ക്കാണ് ഭാരതരത്ന നല്‍കിയത്. കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി, സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക, സാമൂഹിക പ്രവര്‍ത്തകനും ഭാരതീയ ജനസംഘം നേതാവുമായ നാനാജി ദേശ്മുഖ് എന്നിവര്‍ക്കാണ് ഭാരതരത്നം നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam