
"ഓരോ ഡിസംബർ 3-ാം തിയ്യതിയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു മരണം മണക്കുന്ന ഓർമ്മപ്പെടുത്തലാണ്. നാല് പതിറ്റാണ്ട് മുമ്പ്, ഇന്നത്തെ ദിവസം... ഭോപ്പാൽ നഗരം മയക്കത്തിലാഴ്ന്നപ്പോൾ, യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്ന് പുറത്തുവന്ന വിഷവാതകം ആകാശത്തെയും മണ്ണിനെയും മനുഷ്യരെയും എന്നെന്നേക്കുമായി വിഷലിപ്തമാക്കി. ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിൻ്റെ കറുത്ത ദിനമാണിന്ന്. ആ രാത്രിയിൽ നഷ്ടപ്പെട്ട ആയിരക്കണക്കിന് ജീവനുകളും, ഇന്നും ദുരിതമനുഭവിക്കുന്ന തലമുറകളും നമ്മളോട് ഒരേയൊരു ചോദ്യം ഉയർത്തുന്നു: മനുഷ്യൻ്റെ അശ്രദ്ധയ്ക്ക് നൽകേണ്ടിവന്ന വില ഇത്ര വലുതായിരുന്നോ?"
ആ രാത്രിയുടെ ഭീകരത ഇന്ത്യൻ ജനതയുടെ ഓർമ്മകളിൽനിന്ന് മാഞ്ഞിട്ടില്ല. 1984 ഡിസംബർ 2-ന് അർദ്ധരാത്രി, ഭോപ്പാലിലെ യൂണിയൻ കാർബൈഡ് പ്ലാൻ്റിൽ നിന്ന് പുറത്തുവന്ന 'മീഥൈൽ ഐസോസയനേറ്റ്' എന്ന മാരക വിഷവാതകം, നിമിഷനേരം കൊണ്ട് 2,500-ൽ അധികം മനുഷ്യരുടെ ജീവനെടുത്തു. കൂടാതെ, 50,000-ത്തിലധികം ആളുകളെ ഗുരുതരമായി ബാധിക്കുകയും ചെയ്തു.
നഗരത്തിന് മേൽ വിഷവാതകം പരന്നപ്പോൾ, ദുരന്തത്തിൻ്റെ ആദ്യ സൂചന അനുഭവപ്പെട്ടത് ഫാക്ടറിക്ക് സമീപം താമസിച്ചിരുന്ന സാധാരണക്കാർക്കാണ്. ആളുകൾ ശ്വാസം മുട്ടിയും ചുമച്ചും ഛർദിച്ചും ജീവന് വേണ്ടി നെട്ടോട്ടമോടി. അധികൃതർ തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങൾ നഗരത്തിൽ പോസ്റ്ററുകളായി പതിക്കേണ്ടിവന്നു. അത്യധികം അപകടകാരിയും കീടനാശിനി നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ എം.ഐ.സി വാതക ചോർച്ച ഒഴിവാക്കാമായിരുന്നു എന്നാണ് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് വെറും ഒരു അപകടമായിരുന്നില്ല, മറിച്ച് തുടർച്ചയായ സുരക്ഷാ വീഴ്ചകളുടെ ഫലമായിരുന്നു.
ദുരന്തത്തിന് കാരണമായ സംഭവങ്ങളുടെ തുടക്കം രാത്രി ഷിഫ്റ്റ് മാറുന്നതിന് തൊട്ടുമുമ്പാണ്. ഫാക്ടറിയിലെ എം.ഐ.സി റിയാക്ടറിനടുത്തുള്ള പൈപ്പ് കഴുകുന്നതിനിടെ, സുരക്ഷാ മുൻകരുതലിനായി ഉപയോഗിക്കേണ്ട സ്ലിപ്പ് ബ്ലൈൻഡ് എന്ന സുരക്ഷാ കവചം സ്ഥാപിച്ചില്ല. ഇതോടെ വെള്ളം ചോർന്ന് എം.ഐ.സി സൂക്ഷിച്ച ടാങ്ക് 610-ൽ എത്തി. 60 ടൺ ശേഷിയുള്ള ടാങ്കിൽ 40 ടൺ (അനുവദനീയമായ പരമാവധി അളവ്) എം.ഐ.സി ഉണ്ടായിരുന്നു. വെള്ളം കലർന്നതോടെ ടാങ്കിലെ താപനില ഉയർന്നു, രാസപ്രവർത്തനത്തിൻ്റെ ഫലമായി സമ്മർദ്ദം താങ്ങാനാവാതെ വാതകം പുറത്തേക്ക് കുതിച്ചു.
വിഷവാതകം പുറത്തുവരാതിരിക്കാൻ സ്ഥാപിച്ചിരുന്ന അഞ്ച് സുരക്ഷാ സംവിധാനങ്ങളാണ് ദുരന്തസമയത്ത് പരാജയപ്പെട്ടത്:
രാത്രി ഒരു മണിയോടെയാണ് പൊതുജനങ്ങൾക്കായുള്ള സൈറൺ ആദ്യമായി മുഴങ്ങിയത്. എന്നാൽ, ചെറിയ ചോർച്ചകളിൽ ജനം പരിഭ്രാന്തരാകുന്നത് ഒഴിവാക്കാൻ, മിനിറ്റുകൾക്കകം സൈറൺ നിർത്തി. വൻതോതിൽ വാതകം ചോരുന്നുണ്ടെന്ന് വ്യക്തമായ ശേഷവും ഒരു മണിക്കൂറോളം സൈറൺ മുഴക്കിയില്ല. അതിനുശേഷം 2 മണിക്ക് വീണ്ടും മുഴക്കുമ്പോഴേക്കും നഗരം മരണഭീതിയിലാണ്ടു കഴിഞ്ഞിരുന്നു.
നിയമപരമായ വീഴ്ചകൾ, സുരക്ഷാ സംവിധാനങ്ങളോടുള്ള അനാസ്ഥ എന്നിവയാണ് ഭോപ്പാലിനെ ദുരന്തനഗരമാക്കി മാറ്റിയതെന്ന് അന്വേഷണങ്ങൾ തെളിയിക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിക്കപ്പെട്ടെങ്കിലും, ഭീകരമായ ആ രാത്രിയുടെ ഓർമ്മകൾ തലമുറകളെ ഇന്നും വേട്ടയാടുന്നു.