90 ഡിഗ്രി വളവിൽ വിവാദമായ 'എൻജിനീയറിംഗ് അത്ഭുതം', 7എൻജിനിയ‍ർമാരെ സസ്പെൻഡ് ചെയ്ത് മധ്യപ്രദേശ്

Published : Jun 29, 2025, 10:53 PM IST
Bhopal's 90 degree curve railway overbridge

Synopsis

ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച നി‍ർമ്മാണത്തിലുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടി. പാലം നി‍ർമ്മിച്ച ഏജൻസിയെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുമുണ്ട്

ഭോപ്പാൽ: മധ്യപ്രദേശിലെ വിവാദ മേൽപ്പാല നിർമ്മാണത്തിൽ ഏഴ് എൻജിനിയ‍ർമാരെ സസ്പെൻഡ് ചെയ്ത് സംസ്ഥാന സ‍ർക്കാർ. പൊതുമരാമത്ത് വകുപ്പിലെ രണ്ട് ചീഫ് എൻജിനിയർമാർ അടക്കമാണ് നടപടി നേരിടുന്നത്. ഭോപ്പാൽ നഗരത്തിലെ ഐഷ്ബാഗ് മേഖലയിലെ പുതിയ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം വലിയ വിവാദമായതിന് പിന്നാലെയാണ് നടപടി. അസാധാരണമായ രീതിയിൽ 90 ഡിഗ്രി കോണിൽ തിരിവോടെയാണ് മേൽപ്പാലം നിർമ്മിച്ചത്. ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച നി‍ർമ്മാണത്തിലുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടി. പാലം നി‍ർമ്മിച്ച ഏജൻസിയെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുമുണ്ട്.

പ്രശ്നപരിഹാരം കണ്ടെത്തിയ ശേഷമാകും പാലം ഉദ്ഘാടനം ചെയ്യുകയെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് വിശദമാക്കിയത്. പുതിയതായി നി‍ർമ്മിച്ച മേൽപ്പാലം വലിയ രീതിയിൽ വിമർശനത്തിന് വഴി തെളിച്ചിരുന്നു. 90 ഡിഗ്രിയിലുള്ള തിരിവ് എങ്ങനെ വാഹനങ്ങൾ എടുക്കുമെന്നായിരുന്നു രൂക്ഷമായ വിമ‍ർശനം. ചീഫ് എൻജിനിയർ സഞ്ജയ് കാണ്ഡേ, ജി പി വർമ, ഇൻചാർജ് എക്സിക്യുട്ടീവ് എൻജിനിയർ ജാവേദ് ഷക്കീൽ, ഇൻ ചാർജ് സബ് ഡിവിഷണൽ ഓഫീസർ രവി ശുക്ള, സബ് എൻജിനിയർ ഉമാശങ്കർ മിശ്ര, അസിസ്റ്റൻറ് എൻജിനിയർ ശനുൽ സക്സേന, ഇൻ ചാർജ് എക്സിക്യുട്ടീവ് എൻജിനിയർ ശബാന രജാഖ്, വിരമിച്ച സൂപ്രണ്ട് എൻജിനിയ‍ർ എം പി സിംഗ്, പിഡബ്ല്യുഡി അഡീഷണൽ ചീഫ് സെക്രട്ടറി നീരജ് മാണ്ഡ്ലോയ് എന്നിവർക്കെതിരെയാണ് നടപടി എടുത്തിട്ടുള്ളത്. 18 കോടി ചെലവിലാണ് മേൽപ്പാലം നിർമ്മിച്ചത്. മഹാമയ് കാ ബാഗിൽ നിന്നും പുഷ്പ നഗറിലേക്ക് യാത്രാ സൗകര്യം ലക്ഷ്യമാക്കിയായിരുന്നു മേൽപ്പാലം നി‍ർമ്മിച്ചത്. മൂന്ന് ലക്ഷത്തോളം ആളുകൾക്ക് ഉപകാരപ്രദമാകുമെന്ന വിലയിരുത്തലിലായിരുന്നു മേൽപ്പാലം നിർമ്മിച്ചത്.

അസാധാരണമായ വളവ് മാത്രമല്ല പാലത്തിന്‍റെ പ്രത്യേകത. ഈ 'എൻജിനീയറിംഗ് അത്ഭുതം' സൃഷ്ടിക്കാൻ മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് 10 വർഷമാണ് എടുത്തത്. സംഗതി വിവാദമായതോടെ, അടുത്ത് തന്നെ ഒരു മെട്രോ സ്റ്റേഷന്‍ ഉള്ളതിനാല്‍ സ്ഥല പരിമിതിയുണ്ടെന്നും മറ്റ് സാധ്യതകളില്ലായിരുന്നെന്നും വിശദീകരിച്ച് ചീഫ് എഞ്ചിനീയര്‍ വി ഡി വര്‍മ്മ രംഗത്തെത്തി. മേല്‍പ്പാലം നിര്‍മ്മിച്ചത് റെയിലിന് ഇരുവശത്തുമുള്ള കോളനികൾ തമ്മില്‍ ബന്ധിപ്പിക്കാനാണെന്നും ചെറിയ വാഹനങ്ങളല്ലാതെ വലിയ വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ