
ദില്ലി: മുസ്ലിം അസിസ്റ്റന്‍റ് പ്രൊഫസറെ സംസ്കൃത വിഭാഗത്തില്‍ നിയമിച്ചതില്‍ പ്രതിഷേധിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് അധ്യാപകന്‍ ഫിറോസ് ഖാന്‍ വാരാണസി വിട്ടു. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹം സ്വന്തം നാടായ ജയ്പൂരിലേക്ക് യാത്ര തിരിച്ചത്. അതേസമയം, അധ്യാപകന്‍ ഉടന്‍ തിരിച്ചെത്തുമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ സമരം നിര്‍ത്തി, സ്ഥിതി ഗതികള്‍ സാധാരണ മട്ടിലാകുമ്പോള്‍ അധ്യാപകന്‍ തിരിച്ചെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. രാകേഷ് ഭട്നഗറിന്‍റെ കാറിന് നേരെ വിദ്യാര്‍ഥികള്‍ കല്ലെറിയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അധ്യാപകന്‍ സര്‍വകലാശാല വിട്ടത്. അതേസമയം, അധ്യാപകനെ മാറ്റുന്നത് വരെ സമരം തുടരുമെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു. പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പില്‍ സ്ഥാപിച്ച സവര്‍ക്കറിന്‍റെ ചിത്രത്തില്‍ കറുപ്പടിച്ചെന്നാരോപിച്ച് എബിവിപി വിദ്യാര്‍ഥികളും രംഗത്തുവന്നു.
സംസ്കൃത ഡിപ്പാര്‍ട്ട്മെന്‍റില്‍ സംസ്കൃത് വിദ്യാ ധര്‍മ വിഗ്യാനില്‍ സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി ഫിറോസ് ഖാനെ നിയമിച്ചതിനെതിരെ നവംബര്‍ ഏഴിനാണ് സമരം തുടങ്ങിയത്. നിയമനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ വിസിക്ക് കത്തെഴുതിയിരുന്നു. സര്‍വകലാശാലയുടെ ഹൃദയമാണ് സംസ്കൃത അധ്യാപകരെന്ന് യൂണിവേഴ്സിറ്റി സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യ പറഞ്ഞിരുന്നതായി വിദ്യാര്‍ഥികള്‍ കത്തില്‍ സൂചിപ്പിച്ചു. സംസ്കൃത വിഭാഗത്തില്‍ മുസ്ലിം വിഭാഗത്തില്‍നിന്നുള്ള ആളെ അധ്യാപകനായി നിയമിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam