3000 രൂപ വീതം 2.20 കോടി പേർക്ക്, കൂടെ ഗിഫ്റ്റ് ഹാംപറും; വമ്പൻ പൊങ്കൽ സമ്മാനവുമായി തമിഴ്നാട് സർക്കാർ

Published : Jan 04, 2026, 02:00 PM IST
Pongal festival

Synopsis

പൊങ്കൽ സമ്മാന പാക്കേജിനായി 248 കോടി രൂപ അനുവദിച്ചു. 2.20 കോടി റേഷൻ കാർഡ് ഉടമകൾക്ക് 3000 രൂപ വീതം ലഭിക്കും

ചെന്നൈ: പൊങ്കലിന് 3000 രൂപ സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ 2.20 കോടി റേഷൻ കാർഡ് ഉടമകൾക്കും 3000 രൂപ വീതം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. ഒരു കിലോ വീതം അരിയും പഞ്ചസാരയും കരിമ്പും അടങ്ങുന്ന പൊങ്കൽ കിറ്റിനൊപ്പമാണ് പണം നൽകുക. തമിഴ്നാട്ടിലെ ക്യാംപുകളിൽ കഴിയുന്ന ലങ്കൻ അഭയാർത്ഥികൾക്കും പണം നൽകുമെന്ന് സർക്കാർ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ആണ് സർക്കാർ പ്രഖ്യാപനം. കഴിഞ്ഞ വർഷം പൊങ്കൽ കിറ്റിനൊപ്പം പണം നൽകിയിരുന്നില്ല. അതിനു മുൻപുള്ള 3 വർഷവും 1000 രൂപ വീതം നൽകിയിരുന്നു.

പൊങ്കൽ സമ്മാന പാക്കേജിനായി 248 കോടി രൂപ അനുവദിച്ചുകൊണ്ട് അടുത്തിടെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അതിൽ പണം നൽകുന്നതിനെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ല. പിന്നീട് മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനം എടുത്തത്.

പൊങ്കൽ സമ്മാനത്തിന്‍റെ വിതരണോദ്ഘാടനം ജനുവരി 8 ന് നടക്കും. റേഷൻ കടകൾ വഴിയാണ് ജനങ്ങൾക്ക് സമ്മാനം വിതരണം ചെയ്യുക. തിരക്ക് ഒഴിവാക്കാൻ ഓരോ കടയിലും പ്രതിദിനം 400 ഓളം റേഷൻ കാർഡ് ഉടമകൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജനുവരി 14-നകം പൊങ്കൽ സമ്മാന വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് സ്റ്റാലിൻ സർക്കാർ

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അവസാന ശമ്പളത്തിന്‍റെ 50 ശതമാനം പെൻഷൻ ആയി ലഭിക്കും. പഴയ പെൻഷൻ പദ്ധതിക്ക് തുല്യമായ ആനുകൂല്യങ്ങൾ പുതിയ തമിഴ്‌നാട് അഷ്വേർഡ് പെൻഷൻ പദ്ധതിയിലും (ടിഎപിഎസ്) ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. എല്ലാ 6 മാസവും ക്ഷാമബത്തയിൽ വർധനയുണ്ടാകുമെന്നും സർക്കാർ ഉറപ്പ് നൽകി.

ജീവനക്കാർ ശമ്പളത്തിന്റെ 10 ശതമാനം നൽകണം. ബാക്കി സർക്കാർ വഹിക്കും. പെൻഷൻ ലഭിക്കുന്നയാൾ മരിച്ചാൽ കുടുംബാoഗത്തിന് അവസാനം വാങ്ങിയ പെൻഷന്റെ 60 ശതമാനം ലഭിക്കും. വിരമിക്കൽ സമയത്തോ സർവീസിനിടെയോ മരണം സംഭവിച്ചാലോ സർക്കാർ ജീവനക്കാർക്ക് അവരുടെ സേവന കാലയളവ് അടിസ്ഥാനമാക്കി 25 ലക്ഷം രൂപയിൽ കൂടാത്ത ഗ്രാറ്റുവിറ്റി നൽകും.

പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ചേർന്നതിന് ശേഷം വിരമിച്ചവർക്ക് പ്രത്യേക പെൻഷൻ നൽകും. ടിഎപിഎസ് നടപ്പിലാക്കിയ ശേഷം, പെൻഷൻ ലഭിക്കുന്നതിന് ആവശ്യമായ യോഗ്യതാ സേവന കാലയളവ് പൂർത്തിയാക്കാതെ വിരമിക്കുന്ന ജീവനക്കാർക്ക് മിനിമം പെൻഷൻ നൽകും. ജീവനക്കാരുടെ 20 വർഷത്തെ ആവശ്യങ്ങൾ ഡിഎംകെ അംഗീകരിച്ചതായി സ്റ്റാലിൻ സർക്കാർ അവകാശപ്പെട്ടു. ടിഎപിഎസ് നിലവിൽ വരുന്നതോടെ, പെൻഷൻ ഫണ്ടിനായി തമിഴ്‌നാട് സർക്കാരിന് 13,000 കോടി അധിക ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ പെൻഷൻ പദ്ധതി പ്രകാരം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മുമ്പ് ലഭിച്ചിരുന്ന പെൻഷനും വിവിധ ആനുകൂല്യങ്ങളും തുടർന്നും നൽകുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സ്റ്റാലിൻ സർക്കാർ പ്രസ്താവനയിൽ പറയുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിയമസഭാ തെരഞ്ഞടുപ്പ്: എഎപി കേരളത്തിൽ മത്സരിക്കുമോ?; നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് കെജ്രിവാൾ
കൊച്ചുവേളി-ചണ്ഡിഗഡ് സമ്പർക്രാന്തി എക്സ്പ്രസിലെ സ്ലീപ്പർ കോച്ചിൽ ടിക്കറ്റെടുക്കാത്ത 'യാത്രക്കാരൻ', 4 സ്റ്റേഷനോളം കടന്നു; പുറത്താക്കി റെയിൽവേ പൊലീസ്