
ദില്ലി: വിമാനങ്ങളിൽ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ. പവര്‍ ബാങ്കിൽ നിന്ന് തീപടര്‍ന്നുള്ള അപകടങ്ങളെ തുടര്‍ന്നാണ് നിര്‍ണായക ഉത്തരവ് ഡിജിസിഎ പുറത്തിറക്കിയത്. വിമാനയാത്രക്കിടെ ഫോണുകളും മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളും ചാര്‍ജ് ചെയ്യരുതെന്നും ഉത്തരവിലുണ്ട്. വിമാനത്തിന്‍റെ സീറ്റിന് സമീപമുള്ള പവര്‍ ഔട്ട്ലെറ്റ് വഴി ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനും നിരോധനമുണ്ട്. പവര്‍ ബാങ്കുകളും മറ്റു ലിഥിയം ബാറ്ററിയടക്കമുള്ളവയും അടങ്ങിയ ഹാന്‍ഡ് ബാഗ് സീറ്റിന് മുകളിലെ ക്യാബിനുള്ളിൽ വെയ്ക്കരുതെന്നും നിര്‍ദേശമുണ്ട്. ക്യാമറകളുടെ അടക്കം ബാറ്ററികളും മുകളിൽ വെയ്ക്കാൻ പാടില്ല. വിമാനയാത്രക്കിടെ പവര്‍ ബാങ്കുകള്‍ കൈവശം വെക്കാമെങ്കിലും അവ ഉപയോഗിക്കാൻ പാടില്ലെന്നാണ് കര്‍ശന നിര്‍ദേശം. പവര്‍ ബാങ്കും ബാറ്ററികളുമടക്കം യാത്രക്കാര്‍ ഇരിക്കുന്നതിന് സമീപം തന്നെ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. വിമാനത്താവളങ്ങളിൽ ഇതുസംബന്ധിച്ച നിര്‍ദേശം പരസ്യപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇൻഡിഗോ വിമാനത്തിൽ അടുത്തിടെ പവര്‍ ബാങ്കിൽ നിന്ന് തീപടര്‍ന്ന സംഭവം ഉണ്ടായിരുന്നു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam