'വരാനിരിക്കുന്നത് നിര്‍ണായക ദിനങ്ങളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി', ലോക് ഡൗണ്‍ നീട്ടുമോയെന്നതിലും പ്രതികരണം

By Web TeamFirst Published Apr 2, 2020, 11:25 AM IST
Highlights

ലോക് ഡൗണ്‍ കാലവധി നീട്ടുമോയെന്നതിന് മന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇനിയും കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ഇതിന് ആരോഗ്യമന്ത്രിയുടെ മറുപടി.

ദില്ലി: രാജ്യത്ത് വരാനിരിക്കുന്ന ദിനങ്ങൾ കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണ്ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ. വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിന് നാല് ആഴ്ച വരെ സമയമെടുത്തേക്കും. നിലവില്‍ സമൂഹ വ്യാപനം തടയുന്നതിൽ ലോക്ക് ഡൗൺഫലപ്രദമാണ്. രാജ്യത്ത് വിദേശത്ത് നിന്നെത്തിയവരിലും അവരുമായി ബന്ധപ്പെട്ടവരിലുമാണ് രോഗബാധ കണ്ടെത്തിയതെന്നും  ആരോഗ്യമന്ത്രി പ്രതികരിച്ചു. 

കൊവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള  മരുന്നുമായി ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്, എന്നാൽ വാക്സിനിലേക്ക് ഇതുവരേയും എത്തിയിട്ടില്ല. രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവരിലാണ് കൊവിഡ് രോഗം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ലോക് ഡൗണ്‍ കാലവധി നീട്ടുമോയെന്നതിന് മന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇനിയും കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ലോക്ഡൗണ്‍ നീട്ടുമോയെന്നതിൽ ആരോഗ്യമന്ത്രിയുടെ മറുപടി. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നിലവിൽ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളനുസരിച്ച് 50 ആയി. 1965 പേർക്കാണ് ഇതുവരെ  രോഗം സ്ഥിരീകരിച്ചത്. 1764 പേർ ചികിത്സയിലുണ്ട്. 151 പേർക്ക് രോഗം ഭേദമായി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!