
ദില്ലി: ബിഹാറിലെ ആദ്യ ഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞിട്ടും സീറ്റ് വിഭജനം വ്യക്തമാക്കാതെ മഹാസഖ്യം. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യം മഹാസഖ്യത്തിലെ ഘടകക്ഷിയായ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി പരസ്യമാക്കി. അതേസമയം, എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് പറയാനാകില്ലെന്ന അമിത് ഷായുടെ നിലപാട് ജെഡിയു ക്യാമ്പിന് ക്ഷീണമായി. ആദ്യ ഘട്ടം ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലേക്ക് നാമനിര്ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം മൂന്ന് മണിയോടെ അവസാനിച്ചു. ചരിത്രത്തിലാദ്യമായി സീറ്റ് വിഭജനം എങ്ങനെയെന്ന് പരസ്യപ്പെടുത്താതെ മഹാസഖ്യം തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ധാരണയുടെ സൂചന പ്രകാരം ആര്‍ജെഡി 140 സീറ്റില്‍ മത്സരിച്ചേക്കും. കോണ്‍ഗ്രസ് 60 സീറ്റിലും ഇടത് പാര്‍ട്ടികളെല്ലാം കൂടി 28 സീറ്റിലും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി 15 സീറ്റിലും മത്സരിക്കുമെന്നാണ് വിവരം.
പ്രധാനമന്ത്രിയുടെ അമ്മയെ അസഭ്യം പറഞ്ഞ മുഹമ്മദ് നൗഷാദ് ആലത്തിനെ് ജാലേ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയെങ്കിലും ആര്‍ജെഡിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നീട് പിന്‍വലിച്ചു. ഗുണ്ടാനേതാവ് മുഹമ്മദ് ഷഹാബുദ്ദിന്‍റെ മകന്‍ ഒസാമ ഷഹബിന് സീറ്റ് നല്‍കിയതില്‍ പരക്കെ വിമര്‍ശനം ഉയര്‍ന്നെങ്കിലും പിന്‍വലിക്കാന്‍ ആര്‍ജെഡി തയ്യാറായില്ല. സഖ്യത്തിലെ പൊട്ടിത്തെറിയുടെ സൂചനയായി ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യം വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നി പരസ്യമാക്കി. നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ മത്സരിക്കുമെന്നും എന്നാല്‍, മുഖ്യമന്ത്രിയെ ഘടകകക്ഷികള്‍ തീരുമാനിക്കുമെന്ന അമിത് ഷാ ഒരു ടെലിവിഷന്‍ ഇന്‍റര്‍വ്യൂവില്‍ പറഞ്ഞത് എന്‍ഡിഎയില്‍ ചര്‍ച്ചയായി. മത്സരശേഷം ജെഡിയുവിനെ ബിജെപി കറിവേപ്പിലയാക്കുമെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്‍ അമിത് ഷാ സസ്പെന്‍സ് നിലനിര്‍ത്തിയത്. നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇക്കാര്യത്തില്‍ അമിത് ഷാ മനസ് തുറന്നിട്ടില്ലെന്നാണ് സൂചന. ചിരാഗ് പാസ്വാന് സീറ്റ് അനുവദിച്ചതിലടക്കം ഇടഞ്ഞ നിതീഷ് കുമാറിനെ അനുനയിപ്പിക്കാന്‍ ഇന്നലെ മുതല്‍ അമിത് ഷാ പാറ്റ്നയില്‍ ക്യാമ്പ് ചെയ്യുകയാണ്.