
ബെംഗളൂരു: സ്വകാര്യ കോളേജിലെ സീനിയർ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത ജൂനിയർ വിദ്യാർത്ഥി അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനിയെയാണ് 22കാരൻ പീഡിപ്പിച്ചത്. ഹനുമന്ത് നഗർ പൊലീസ് സ്റ്റേഷനിൽ എൻജിനിയറിംഗ് വിദ്യാർത്ഥിനി നൽകിയ പരാതിയേ തുടർന്ന് ജീവൻ ഗൗഡ എന്ന 22കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 10നാണ് അതിക്രമം നടന്നത്. അഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് വിദ്യാർത്ഥിനി വിവരം വീട്ടിലറിയിക്കുന്നത്. വിദ്യാർത്ഥിനിക്ക് പരിചയമുള്ളയാളാണ് ജീവൻ ഗൗഡ. പരീക്ഷകളിൽ തോറ്റതിന് പിന്നാലെ വിദ്യാർത്ഥിനിയേക്കാൾ ഒരു കൊല്ലം പിന്നിലായിരുന്നു 22 കാരൻ കോഴ്സ് ചെയ്യുന്നത്. ഉച്ച ഭക്ഷണ സമയത്ത് സ്റ്റഡി മെറ്റീരിയൽ ശേഖരിക്കാനായാണ് ജീവൻ വിദ്യാർത്ഥിനിയെ കണ്ടത്.
ഇതിന് ശേഷം ഏഴാം നിലയിലെ ആർക്കിടെക്ചർ ബ്ലോക്കിന് സമീപത്തെ ആളൊഴിഞ്ഞ ഇടത്ത് കൊണ്ടു പോയി ചുംബിക്കാൻ ശ്രമിച്ചു. വിദ്യാർത്ഥിനി പ്രതിരോധിച്ചതിന് പിന്നാലെ ആറാം നിലയിലുള്ള ആൺകുട്ടികളുടെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. അതിക്രമത്തിന് പിന്നാലെ വിദ്യാർത്ഥിനിയുടെ ഫോണും ജീവൻ തട്ടിയെടുക്കുകയായിരുന്നു. അധ്യാപകരോട് സംഭവങ്ങളേക്കുറിച്ച് പറയാൻ ഭയന്ന യുവതി നടന്ന അതിക്രമം മാതാപിതാക്കളോട് വിശദമാക്കുകയായിരുന്നു.
എന്നാൽ അതിക്രമം നടന്ന മേഖലയിൽ സിസിടിവി അടക്കം ഇല്ലാത്ത വലിയ വെല്ലുവിളിയാണ് പൊലീസിന് സൃഷ്ടിച്ചിട്ടുള്ളത്. സംഭവം രാഷ്ട്രീയവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായെന്നും സ്ത്രീകൾക്കെതിരായ അതിക്രമം കർണാടകയിൽ വർദ്ധിക്കുന്നുനൃവെന്നുമാണ് ബിജെപി നേതാവ് ആർ അശോക് വിശദമാക്കുന്നത്. കഴിഞ്ഞ നാല് മാസത്തിൽ 979 ലൈംഗിക അതിക്രമ പരാതികളാണ് കർണാടകയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.