Bihar : 'പരിധി വിട്ട് പെരുമാറരുത്, ബിജെപി പ്രവര്‍ത്തകര്‍ മറുപടി നല്‍കും'; ജെഡിയുവിന് മുന്നറിയിപ്പുമായി ബിജെപി

By Web TeamFirst Published Jan 17, 2022, 9:10 PM IST
Highlights

നരേന്ദ്ര മോദിക്കെതിരെ ജെഡിയു നേതാക്കള്‍ ട്വിറ്റര്‍ ഗെയിം കളിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ആരുടെയും പേരെടുത്ത് വിമര്‍ശിക്കാതെയായിരുന്നു ജയ്‌സ്വാളിന്റെ നീണ്ട ഫേസ്ബുക്ക് കുറിപ്പ്.
 

പട്‌ന: ബിഹാറില്‍ (Bihar)  ഭരണകക്ഷികളായ ജെഡിയുവും (JDU)  ബിജെപിയും (BJP) പോര്. ജെഡിയു പരിധിവിട്ട് പെരുമാറരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ (Sanjay jaiswal) മുന്നറിയിപ്പ് നല്‍കി. ജെഡിയു പരിധിവിട്ടാല്‍ സംസ്ഥാനത്തെ 76 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്ന് നേതാവ് പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ (PM Narendra Modi) ജെഡിയു നേതാക്കള്‍ ട്വിറ്റര്‍ ഗെയിം കളിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ആരുടെയും പേരെടുത്ത് വിമര്‍ശിക്കാതെയായിരുന്നു ജയ്‌സ്വാളിന്റെ നീണ്ട ഫേസ്ബുക്ക് കുറിപ്പ്. നാടകകൃത്ത് ദയാ പ്രകാശ് സിന്‍ഹക്ക് നല്‍കിയ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ജെഡിയു ദേശീയ നേതാക്കളായ രാജീവ് രഞ്ജന്‍, പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ഉപേന്ദ്ര കുശ്വാഹ എന്നിവര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. അശോക ചക്രവര്‍ത്തിയെക്കുറിച്ചുള്ള ദയാ പ്രകാശ് സിന്‍ഹയുടെ പരാമര്‍ശമാണ് ജെഡിയുവിന്റെ എതിര്‍പ്പിന് കാരണം.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെയും അശോകയെയും താരതമ്യം ചെയ്തതിന് ജയ്‌സ്വാള്‍ ദയാ പ്രകാശ് സിന്‍ഹക്കെതിരെ പൊലീസില്‍ പരാതി നല്‍കി. 'സിന്‍ഹയെ അറസ്റ്റ് ചെയ്യുന്നതിന് പകരം അദ്ദേഹത്തിന് നല്‍കിയ പുരസ്‌കാരം തിരിച്ചെടുക്കാന്‍ പറയുന്നത് എന്ത് യുക്തിയാണെന്നും ജയ്‌സ്വാള്‍ ചോദിച്ചു. 
എന്തിനാണ് ജെഡിയു നേതാക്കള്‍ എന്നെയും കേന്ദ്ര നേതൃത്വത്തെയും ടാഗ് ചെയ്ത് ചോദ്യം ചോദിക്കുന്നത്.  സഖ്യത്തില്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്. ഏകപക്ഷീയമല്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിക്കൊപ്പം ട്വിറ്റര്‍ ഗെയിം കളിക്കാന്‍ കഴിയില്ല എന്നതാണ് സഖ്യത്തിലെ ആദ്യ വ്യവസ്ഥ. നിങ്ങള്‍ പരിധി ലംഘിച്ചാല്‍ ബിഹാറിലെ 76 ലക്ഷം ബിജെപി പ്രവര്‍ത്തകര്‍ നിങ്ങള്‍ക്ക് മറുപടി നല്‍കും. ഭാവിയില്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്'-ജയ്സ്വാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
 

click me!