
പറ്റ്ന: മുൻ കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ രാജിവ് പ്രതാപ് റൂഡി ഒരിക്കൽ കൂടി റഫേൽ വിമാനം പറത്തി റെക്കോർഡിട്ടു. ബിഹാറിലെ സരനിൽ നിന്നുള്ള എംപി രാജിവ് പ്രതാപ് മാത്രമാണ് വാണിജ്യ പൈലറ്റ് ലൈസൻസുള്ള ഏക പാർലമെന്റേറിയൻ. ഒരു നാഴികക്കല്ലുകൂടിയാണ് റഫേൽ വിമാനം രണ്ടാം തവണയും പറത്തിക്കൊണ്ട് അദ്ദേഹം പിന്നിട്ടത്. 40 മിനുട്ടാണ് ബെംഗളൂരുവിൽ നടന്നു വരുന്ന എയ്റോ ഇന്ത്യ 2023-ൽ അദ്ദേഹം റഫേൽ യുദ്ധ വിമാനം പറത്തിയത്.
2017ൽ ബംഗളൂരുവിൽ നടന്ന ഇതേ എയ്‌റോ ഇന്ത്യ ഇവന്റിലായിരുന്നു രാജിവ് പ്രതാപ് ആദ്യമായി റാഫേലിൽ പറന്നത്. ഫ്രഞ്ച് ഏവിയേഷൻ കമ്പനിയായ ദസ്സാൾട്ട് ഏവിയേഷൻ നിർമ്മിച്ച റാഫേലിന്റെ ആദ്യ ബാച്ച് 2020 സെപ്തംബറിൽ ഇന്ത്യൻ വ്യോമസേനയിൽ ചേർന്നിരുന്നു.
ചൊവ്വാഴ്ച എയർ ഷോയ്ക്കിടെ ഇരട്ട സീറ്റുള്ള വിമാനം പറന്നുയർന്ന് പ്രദർശനം നടത്തി. അഞ്ചാം തലമുറ യുദ്ധ വിമാനമാണിത്. അതിൽ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിവേഗതയിൽ പറക്കുന്ന വിമാനത്തിന് ശത്രു റഡാറുകളിൽ നിന്ന് ഒളിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യൻ സർക്കാറിന്റെ വലിയ നേട്ടങ്ങളിലൊന്നാണിതെന്നും വിമാനം പറത്തലിന് ശേഷം രാജീവ് പ്രതാപ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന എയ്റോ ഷോയില്‍ 809 പവലിയനുകളാണുള്ളത്. ഇതിൽ 110 വിദേശ പ്രതിനിധിസംഘങ്ങൾ പങ്കെടുക്കുന്നുണ്ട്. പോർവിമാനങ്ങളും തദ്ദേശീയമായി നിർമിച്ച ഹെലികോപ്റ്ററുകളും എയ്റോ ഷോയിൽ അണിനിരക്കുന്നുണ്ട്. സൂര്യകിരൺ, വരുണ, ത്രിശൂൽ എന്നിങ്ങനെ വ്യോമസേനയുടെ അഭിമാനമായ വിമാനങ്ങളും ധ്രുവ്, രുദ്ര, പ്രചണ്ഡ എന്നിങ്ങനെയുള്ള ഹെലികോപ്റ്ററുകളും ഷോയുടെ മുഖ്യ ആകർഷണമാണ്. ചരിത്രത്തിലിത് വരെയുള്ള ഏറ്റവും വലിയ പ്രതിനിധി സംഘവുമായി എത്തുന്ന അമേരിക്കൻ പ്രതിനിധികൾ ഇന്ത്യയുമായി സഹകരിക്കുന്നതിൽ അഭിമാനം മാത്രമെന്നാണ് പ്രതികരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam