
ദില്ലി: കേരള ബാർ കൗൺസിലിന്റെ അഭിഭാഷക ക്ഷേമനിധി ഫണ്ടിൽ തിരിമറി നടത്തി 7.61 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീം കോടതി തള്ളി. 2007 മുതൽ വിവിധ ബാർ അസോസിയേഷനുകളിൽനിന്ന് പിരിച്ചെടുത്ത തുകയും ക്ഷേമനിധി സ്റ്റാമ്പ് വിൽപനയുമായി ബന്ധപ്പെട്ട് ലഭിച്ച തുകയും രേഖകൾ തിരുത്തി തട്ടിയെടുത്തു എന്നാണ് കേസ്.
ഈ കേസിലെ ആറ് പ്രതികളാണ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. ജയപ്രഭ, ഫാത്തിമ ഷെറിന്‍, മാര്‍ട്ടിന്‍ എ., ആനന്ദരാജ്, ധനപാലന്‍, രാജഗോപാലന്‍ പി. എന്നിവരാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ കേസിലെ ഒന്നും രണ്ടും പ്രതികൾക്ക് സ്ഥിരജാമ്യം ലഭിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതി അപേക്ഷ തള്ളിയത്.
ജസ്റ്റിസ് മാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേസ് നിലവിൽ സിബിഐയാണ് അന്വേഷിക്കുന്നത്. വിജിലൻസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വിവിധ ബാർ അസോസിയേഷൻ പ്രതിനിധികൾ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടത്.
2021 ഡിസംബർ 21നാണ് സിബിഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടത്.കേസിൽ സംസ്ഥാനത്തിനായി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദാണ് ഹാജരായത്. കേസിലെ പ്രതികൾക്കായി അഭിഭാഷകരായ മനോജ് സെല്‍വരാജ്, . അശ്വതി.എം.കെ എന്നിവർ ഹാജരായി.
Read more: ടിപ്പുവിനെ തീർത്ത പോലെ സിദ്ധരാമയ്യയെയും തീർക്കണമെന്ന് കർണാടക മന്ത്രി; പിന്നീട് ക്ഷമാപണം
അതേസമയം,നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തെ എതിർത്ത് സംസ്ഥാനം സുപ്രീം കോടതിയിൽ. കുറ്റമറ്റരീതിയിൽ വിചാരണയ്ക്കായുള്ള ശ്രമങ്ങളാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്നും വീണ്ടും വിസ്താരത്തിന് വിളിച്ച ഏഴ് സാക്ഷികളിൽ മഞ്ജുവാര്യർ ഉൾപ്പെടെ നാല് പേരുടെ വിസ്താരം മാത്രമാണ് ബാക്കിയുള്ളതെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. വിചാരണ വേഗത്തിൽ നടത്തണമെന്ന ദിലീപിന്റെ ആവശ്യം രക്ഷപ്പെടുമെന്ന മിഥ്യാ ധാരണയിലാണ്. പ്രതികൾ തെളിവുകൾ നശിപ്പിച്ചത് തെളിക്കാനുള്ള അവകാശം പ്രോസിക്യൂഷനുണ്ട്. ബാലചന്ദ്രകുമാറിന്റെ വിസ്താരം നീട്ടിക്കൊണ്ടുപോയത് പ്രതിഭാഗമാണെന്നും പ്രതിഭാഗം വിസ്താരം നീട്ടിയില്ലെങ്കിൽ മുപ്പത് ദിവസത്തിനകം വിചാരണ പൂർത്തിയാക്കാനാകുമെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam