
ദില്ലി: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. പറ്റ്ന അടക്കം18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് മറ്റന്നാൾ വോട്ടെടുപ്പ് നടക്കുക. തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ഈ ഘട്ടം ഏറെ നിർണ്ണായകമാണ്. 2020ൽ 121ൽ 61 സീറ്റ് മഹാസഖ്യം നേടിയിരുന്നു. ബിഹാറിൽ എൻഡിഎയ്ക്ക് മുൻതൂക്കമെന്നാണ് ദൈനിക് ഭാസ്കർ സർവേയിൽ പറയുന്നത്. 153 മുതൽ 160 സീറ്റ് വരെ എൻഡിഎ നേടിയേക്കാമെന്നാണ് പ്രവചനം.രാഹുൽ ഗാന്ധി ഇന്ന് ബിഹാറിൽ മൂന്ന് യോഗങ്ങളിൽ പങ്കെടുക്കും. അവസാനവട്ട പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ കെസി വേണുഗോപാലും ബിഹാറിലുണ്ട്. അമിത് ഷായുടെ രണ്ട് യോഗങ്ങളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ജെപി നദ്ദയുടെ റോഡ് ഷോ ഇന്ന് ഗയയിൽ നടക്കും.
അതേസമയം, ബിഹാറിൽ ഒന്നാം ഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു. വോട്ടർപട്ടികയിലെ മാറ്റങ്ങള്‍ എഴുതി നല്‍കണമെന്നും കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. വോട്ടെടുപ്പ് അടുത്തിരിക്കെ കോടതിയുടെ നിർദേശം നിർണായകമാവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam