ഭര്‍ത്താവിനെതിരെ മത്സരിക്കാന്‍ ഐശ്വര്യ റായ്; ബിഹാറില്‍ പൊടി പാറും

By Web TeamFirst Published Sep 10, 2020, 6:36 PM IST
Highlights

മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് തേജ് പ്രതാപിനെതിരെ മകള്‍ മത്സരിക്കുമെന്ന് ചന്ദ്രികാ റായ് പറഞ്ഞത്.
 

പട്‌ന: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിനെതിരെ മത്സരിക്കാന്‍ ഭാര്യ ഐശ്വര്യ റായ് രംഗത്തെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വിവാഹമോചന ഹര്‍ജി നല്‍കിയ ഇരുവരും തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ മുഖാമുഖം നില്‍ക്കുമെന്നത് ബിഹാറില്‍ വലിയ വാര്‍ത്തായിയിരിക്കുകയാണ്. 2018ലാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍, ആറ് മാസത്തിനുള്ളില്‍ ഇരുവരും വിവാഹ മോചന ഹര്‍ജി നല്‍കി. 

ഐശ്വര്യയുടെ പിതാവും ആര്‍ജെഡി നേതാവുമായിരുന്ന ചന്ദ്രികാ റായ് പാര്‍ട്ടി വിട്ട് ജെഡിയുവില്‍ ചേര്‍ന്നിരുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് തേജ് പ്രതാപിനെതിരെ മകള്‍ മത്സരിക്കുമെന്ന് ചന്ദ്രികാ റായ് പറഞ്ഞത്. മകളുടെ തീരുമാനത്തെ താന്‍ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഐശ്വര്യ ഇതുവരെ മത്സരിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തേജ് പ്രതാപ് മത്സരിക്കുന്ന മണ്ഡലത്തില്‍ തന്നെ മത്സരിക്കാനാണ് ഐശ്വര്യക്ക് താല്‍പര്യമെങ്കില്‍ താന്‍ പിന്തുണക്കുമെന്നും ചന്ദ്രിക റായ് വ്യക്തമാക്കി.

തേജ് പ്രതാപിന്റെ സിറ്റിംഗ് സീറ്റായ മഹുവയില്‍ തന്നെ ഐശ്വര്യ മത്സരിക്കുകയാണെങ്കില്‍ തേജ് പ്രതാപ് സീറ്റ് മാറാനും സാധ്യതയുണ്ട്. ഇരുവരുടെയും കുടുംബ പ്രശ്‌നം രാഷ്ട്രീയ പോരാട്ടമായി മാറുകയാണ്. മെഹുവയില്‍ ഐശ്വര്യ റായ് മത്സരിക്കുമെന്ന് അഭ്യൂഹം ഉയര്‍ന്നതോടെ തേജ് പ്രതാപ് യാദവ് തിങ്കളാഴ്ച മറ്റൊരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തിരുന്നു. ആര്‍ജെഡിയുടെ ഉറച്ച കോട്ടയായ ഹസന്‍പുരിലാണ് തേജ് പ്രതാപ് യാദവ് തെരഞ്ഞെടുപ്പ് റാലി നടത്തിയത്.
 

click me!