ഭാര്യയും രണ്ടുകുട്ടികളുമുള്ള സമീറിനോടൊപ്പം ജീവിക്കാനായി സിയ മൂന്ന് മാസം മുൻപ് വീട് ഉപേക്ഷിച്ച് ഭോപ്പാലിലെത്തി.  സിയ മുൻപ് മഹാരാഷ്ട്രയിലും രാജസ്ഥാനിലും വച്ച് മൂന്ന് വിവാഹങ്ങൾ കഴിച്ചിരുന്നതായി പൊലീസ് പറയുന്നു.

ഭോപ്പാൽ: ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിനുള്ളിൽ നിന്ന് 33കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട യുവതി അഷ്റഫി എന്ന സിയയും പ്രതിയായ ആൺസുഹൃത്തും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവരാണെന്നും ഇരുവരും വിവാഹിതരാണെന്നും പൊലീസ് പറഞ്ഞു. പ്രണയദിനത്തിൽ നാടിനെ നടുക്കിയ കൊലപാതകത്തിൽ പുറത്ത് വരുന്നത് ചതിയുടെ കഥകളാണ്. ഇന്നലെയാണ് ഭോപ്പാലിലെ നിഷാത്പുര മേഖലയിലെ ആളൊഴഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിനുള്ളിൽ ഇരുപെട്ടിയിൽ അടച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ സിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതി കാമുകനായ സമീർ ആണെന്ന് പൊലീസ് കണ്ടെത്തി.

ക്രൂര കൊലപാതകത്തിന് പിന്നിൽ യുവതിയുടെ കാമുകൻ സമീറും കുടുംബാംഗങ്ങളുമാണെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട സിയയെ സമീർ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിന് സമീപമുള്ള സെപ്റ്റിക് ടാങ്കിൽ തള്ളി. രണ്ട് വർഷം മുൻപാണ് സിയയും സമീറും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഭാര്യയും രണ്ടുകുട്ടികളുമുള്ള സമീറിനോടൊപ്പം ജീവിക്കാനായി സിയ മൂന്ന് മാസം മുൻപ് വീട് ഉപേക്ഷിച്ച് ഭോപ്പാലിലെത്തി. ഇവിടെയെത്തിയപ്പോഴാണ് സമീർ വിവാഹിതനാണെന്ന് സിയ അറിഞ്ഞത്. സിയ മുൻപ് മഹാരാഷ്ട്രയിലും രാജസ്ഥാനിലും വച്ച് മൂന്ന് വിവാഹങ്ങൾ കഴിച്ചിരുന്നതായി പൊലീസ് പറയുന്നു.

സിയ സമീറിന്റെ കമലാ നഗറിലെ വീട്ടിൽ താമസിക്കാൻ തുടങ്ങിയതോടെ ഭാര്യയുമായും സമീറുമായും പ്രശ്നങ്ങൾ ഉണ്ടാവാന തുടങ്ങി. സമീറിന്റെ ഭാര്യയും സിയയും തമ്മിൽ നിരന്തരം വഴക്കുണ്ടായി. സമീർ തന്നെ വിവാഹം കഴിക്കണമെന്ന് സിയ സമ്മർദം ചെലുത്തി.വിവാഹം കഴിക്കുന്നില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സിയ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നക്. വഴക്ക് രൂക്ഷമായതോടെ സമീറിന്റെ ഭാര്യ ജബൽപൂരിലെ സ്വന്തം വീട്ടിലേക്കുപോയി. ഫെബ്രുവരി ഒൻപതിന് വൈകുന്നേരം സിയയും സമീറും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ഇതോടെ സമീർ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.