ബീഹാർ തെരഞ്ഞെടുപ്പ്: 'മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി'യില്‍ അതൃപ്തി, നീരസം പരസ്യമാക്കി കോണ്‍ഗ്രസ്

By Web TeamFirst Published Sep 26, 2020, 1:11 PM IST
Highlights

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വിയാദവിനെ ആര്‍ജെഡി പ്രഖ്യാപിച്ചതിൽ കോണ്‍ഗ്രസിന് അതൃപ്തി. സഖ്യത്തിലെ ഒരോ കക്ഷിക്കും മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന്  എഐസിസി വക്താവും ബിഹാറിന്‍റെ ചുമതലക്കാരനുമായ ശക്തി സിംഗ് ഗോഹില്‍ തുറന്നടിച്ചു.  

ദില്ലി: ബീഹാര്‍ നിയമസഭ തെരഞ്ഞടുപ്പില്‍ മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വിയാദവിനെ ആര്‍ജെഡി പ്രഖ്യാപിച്ചതിൽ കോണ്‍ഗ്രസിന് അതൃപ്തി. സഖ്യത്തിലെ ഒരോ കക്ഷിക്കും മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന്  എഐസിസി വക്താവും ബിഹാറിന്‍റെ ചുമതലക്കാരനുമായ ശക്തി സിംഗ് ഗോഹില്‍ തുറന്നടിച്ചു.  ബീഹാറില്‍ എന്‍ഡിഎക്ക്  ഭരണ തുടര്‍ച്ചയുണ്ടാകുമെന്നാണ് സി വോട്ടര്‍ അഭിപ്രായ സര്‍വ്വേ പ്രവചനം.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്  തൊട്ടു പിന്നാലെ  മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ ആര്‍ജെഡി അവതരിപ്പിച്ചു. മഹാസഖ്യത്തിലെ മറ്റ് കക്ഷികളുടെ പ്രാതിനിധ്യമില്ലാതെ   കാര്‍ഷിക ബില്ലിനെതിരെ  പ്രചാരണവും തുടങ്ങി. കൂടിയാലോചന കൂടാതെ നടത്തിയ ഏകപക്ഷീയമായ പ്രഖ്യാപനത്തിലെ നീരസം  കോണ്‍ഗ്രസ് ആര്‍ജെഡിയെ അറിയിച്ചതായാണ്  വിവരം.

തേജസ്വി യാദവിനെതിരെ മഹാസഖ്യത്തില്‍ പടയൊരുക്കം ശക്തമാകുന്നതിനിനിടയാണ് കോണ്‍ഗ്രസും നിലപാട് കടുപ്പിക്കുന്നത്. ജിതന്‍ റാം മാഞ്ചിയുടെ  ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടിയും തേജസ്വിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇതിനോടകം  സഖ്യം ഉപേക്ഷിച്ചു. 

സര്‍വ്വസമ്മതനല്ലാത്തയാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍  കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് സൂചന. അതേ സമയം, ഇക്കുറി 141 മുതല്‍ 161 സീറ്റ് വരെ നേടി എന്‍ഡിഎ ഭരണം തുടരുമെെന്നാണ് സി വോട്ടര്‍ സര്‍വ്വേ ഫലം. 64 മുതൽ 84 വരെ സീറ്റ് മഹാസഖ്യത്തിന് കിട്ടും. 243 അംഗ നിയമസഭയില്‍ ചെറുപാര്‍ട്ടികള്‍ക്കല്ലൊം കൂടി 13 മുതല്‍ 23 സീറ്റ് വരെ കിട്ടുമെന്നുമാണ് പ്രവചനം.

click me!