
ദില്ലി: കര്‍ഷക സംഘടനകളുടെ ദില്ലി ചലോ മാര്‍ച്ച് തടയാനുള്ള തീരുമാനത്തിനെതിരെ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലികളിലും മൂന്ന് ദിവസം മുന്‍പ് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാല നടത്തിയ റാലിക്കും ബാധകമല്ലാത്ത കൊവിഡ് പ്രോട്ടോക്കോളാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. അതൊരു വിചിത്രമായ മഹാമാരിയാണെന്നും യോഗേന്ദ്ര യാദവ് പറയുന്നത്. മൂന്ന് ദിവസം മുന്‍പ് ഹരിയാനയില്‍ നടന്ന റാലിയില്‍ പങ്കെടുത്തവര്‍ മാസ്ക് ധരിച്ചിരുന്നില്ല.
കൊവിഡ് വ്യാപകമാകുമെന്നും കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കുന്നില്ലെന്നും കാണിച്ചാണ് ഹരിയാന അതിര്‍ത്തിയില്‍ സമരക്കാരെ തടയുന്നതെന്നും യോഗേന്ദ്ര യാദവ് പറയുന്നു. ദില്ലി ചലോ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവും കിസാൻസഭ നേതാവ് കൃഷ്ണപ്രസാദും അറസ്റ്റിലായി. ജലപീരങ്കി, കണ്ണീര്‍ വാതകം എന്നിവയടക്കം ഉപയോഗിച്ചാണ് ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകരെ ഹരിയാന അതിര്‍ത്തിയില്‍ തടയുന്നത്. കര്‍ഷക സംഘടനകൾ സംയുക്തമായി പ്രഖ്യാപിച്ച ദില്ലി ചലോ മാര്‍ച്ചിൽ വ്യാപക സംഘര്‍ഷമാണുണ്ടായത്.
ഹരിയാന-പഞ്ചാബ് അതിര്‍ത്തിയിൽ മാര്‍ച്ച് തടഞ്ഞതോടെ പൊലീസ് ബാരിക്കേഡുകൾ കര്‍ഷകര്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ദില്ലി അതിര്‍ത്തികൾ അടച്ച് കര്‍ഷക മാര്‍ച്ചിനെ നേരിടാൻ ബിഎസ്എഫിനെയാണ് ഇറക്കിയിട്ടുള്ളത്. ചണ്ഡീഗഡ് റഓഡിലെ കര്‍ണാലിലും കര്‍ഷക മാര്‍ച്ചിന് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ബാരിക്കേഡുകൾ കടന്ന് കര്‍ഷകര്‍ മുന്നോട്ടുനീങ്ങുകയാണ്.
മാര്‍ച്ച് തടയാൻ ദില്ലിയിലേക്കുള്ള പാതയിൽ പലയിടങ്ങളിലും അടച്ചു. ദില്ലി അതിര്‍ത്തികള്‍ കനത്ത കാവലിലാണ്. എന്ത് തടസ്സവും മറികടന്ന് മുന്നോട്ടുപോകും എന്ന് കര്‍ഷകരും പ്രഖ്യാപിക്കുമ്പോൾ വലിയ സംഘര്‍ഷാന്തരീക്ഷമാണ് ദില്ലി അതിര്‍ത്തികളിലുള്ളത്. അര്‍ദ്ധരാത്രിയോടെ കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളിലേക്ക് കൂട്ടമായി എത്താനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam