രാഹുലിന്‍റെ 'എച്ച്' ബോംബ് ബിഹാർ ജനതയുടെ മനസ് ഇളക്കുമോ? തേജസ്വിക്കടക്കം നിർണായകമായ ആദ്യ ഘട്ട വിധി ഇന്ന്; 18 ജില്ലകളിലെ 121 മണ്ഡലങ്ങളിൽ

Published : Nov 06, 2025, 12:27 AM IST
bihar election 2025

Synopsis

അധികാര വഴിയിൽ 20 കൊല്ലത്തിന് ശേഷം തിരിച്ചെത്താൻ ശ്രമിക്കുന്ന ആർ ജെ ഡിക്ക് ഏറെ നിർണായകമാണ്. മറുവശത്ത് എൻ ഡി എയും അരയും തലയും മുറുക്കി രംഗത്തുണ്ട്. 18 മന്ത്രിമാർ ഇന്ന് ജനവിധി തേടുന്നുണ്ട് എന്നത് എൻ ഡി എ സഖ്യത്തെ സംബന്ധിച്ചടുത്തോളം നിർണായകമാണ്

പട്ന: ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇന്ത്യ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ വിജയ് സിൻഹ, സമ്രാട്ട് ചൗധരി തുടങ്ങിയവരുടെ സീറ്റുകളാണ് ആദ്യ ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രങ്ങൾ. കഴിഞ്ഞതവണ ഈ സീറ്റുകളിൽ 60 എണ്ണം വിജയിക്കാൻ ഇന്ത്യ സഖ്യത്തിന് കഴിഞ്ഞിരുന്നു. 59 സീറ്റുകളിലാണ് കഴിഞ്ഞതവണ എൻ ഡി എ വിജയിച്ചത്. രണ്ട് സീറ്റുകൾ മറ്റുള്ളവർക്കും കിട്ടി. അതുകൊണ്ട് കഴിഞ്ഞ തവണത്തെ മുൻതൂക്കം നിലനിർത്തുക എന്നത് ബീഹാറിലെ അധികാര വഴിയിൽ 20 കൊല്ലത്തിന് ശേഷം തിരിച്ചെത്താൻ ശ്രമിക്കുന്ന ആർ ജെ ഡിക്ക് ഏറെ നിർണായകമാണ്. മറുവശത്ത് എൻ ഡി എയും അരയും തലയും മുറുക്കി രംഗത്തുണ്ട്. 18 മന്ത്രിമാർ ഇന്ന് ജനവിധി തേടുന്നുണ്ട് എന്നത് എൻ ഡി എ സഖ്യത്തെ സംബന്ധിച്ചടുത്തോളം നിർണായകമാണ്. തലസ്ഥാനമായ പറ്റ്നയിലും ഇന്നാണ് വോട്ടെടുപ്പ്. പറ്റ്ന അടക്കമുള്ള എല്ലായിടത്തും കനത്ത സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ പുറത്തുവിട്ട 'എച്ച്' ബോംബ് ആരോപണങ്ങൾ ബിഹാർ ജനതയുടെ മനസിനെ എങ്ങനെ സ്വാധീനിക്കും എന്നത് കണ്ടറിയണം.

രാഹുൽ ഗാന്ധിയുടെ 'എച്ച്' ബോംബ് ആരോപണം

ഹരിയാനയിൽ ബി ജെ പി അധികാരത്തിലെത്തിയത് വോട്ടർ പട്ടികയിൽ വ്യാപക വോട്ട് ക്രമക്കേട് നടത്തിയെന്നാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത്. 25 ലക്ഷത്തിലധികം കള്ളവോട്ട് നടന്നുവെന്നാണ് തെളിവുകൾ നിരത്തിയുള്ള വാർത്ത സമ്മേളനത്തിലെ ആരോപണം. ഹരിയാനയിൽ പോൾ ചെയ്തതിൽ എട്ടിൽ ഒന്നും കള്ളവോട്ടാണെന്നാണ് രാഹുലിന്‍റെ വാദം. ബ്രസീലിയൻ മോഡലിന്‍റെ ഫോട്ടോ ഉപയോഗിച്ച് പത്ത് ബൂത്തിലായി 22 വോട്ട് ചെയ്തെന്നും തെളിവുകൾ നിരത്തി രാഹുൽ ആരോപിച്ചു. ബ്രസീലിയൻ മോഡലിന്‍റെ ഫോട്ടോ ഉപയോഗിച്ച് സീമ, സ്വീറ്റി, സരസ്വതി എന്നിങ്ങനെ പേരുകളിൽ പത്ത് ബൂത്തിലായാണ് 22 വോട്ട് ചെയ്തത്. ഒരു സ്ത്രീ 223 തവണ വോട്ട് ചെയ്തു. ഈ തെളിവുകൾ കണ്ടെത്താതിരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സി സി ടിവി ഫുട്ടേജുകൾ നൽകാത്തതെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

സ്ത്രീ വോട്ടുകൾ നിർണായകം

സ്ത്രീകളുടെ പിന്തുണ നിതീഷ് കുമാറിന് കിട്ടുന്നു എന്ന റിപ്പോർട്ടുകൾക്കിടെ കൂടുതൽ വാഗ്ദാനങ്ങളുമായി തേജസ്വി യാദവ് രംഗത്തെത്തിയത് ആർ ജെ ഡിക്ക് ഗുണമാകുമോ എന്നത് കണ്ടറിയണം. എന്നാൽ വോട്ടെടുപ്പ് നടക്കാൻ പോകുന്ന ഇന്നും പതിനായിരം രൂപ അക്കൗണ്ടുകളിലേക്ക് നൽകുന്നത് സർക്കാർ തുടരുന്നു എന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നാണ് ആർ ജെ ഡി ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിൽ ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുമുണ്ട്. ബീഹാറിൽ ഇത്തവണ ആദ്യമായി മത്സരരംഗത്തുള്ള പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജ് പാർട്ടി നേടുന്ന വോട്ടുകൾ പ്രധാനമാകും. അതേസമയം യുവാക്കളുടെ പിന്തുണയിലൂടെ മാറ്റം കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യാ സഖ്യവും തേജസ്വി യാദവും രാഹുൽ ഗാന്ധിയും.

അതീവ സുരക്ഷ

അതേസമയം ജൻ സുരാജ് പ്രവർത്തകന്‍റെ കൊലപാതകത്തെ തുടർന്ന് മൊകാമയിലെ ജെ ഡി യു സ്ഥാനാർത്ഥി ആനന്ദ് സിംഗ് അറസ്റ്റിലായ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം സുരക്ഷ കൂട്ടിയിട്ടുണ്ട്. ജെ ഡി യു സ്ഥാനാർത്ഥി ആനന്ദ് സിംഗ് അറസ്റ്റിലായത് ആയുധമാക്കിയുള്ള പ്രചരണമാണ് അവസാന ഘട്ടത്തിൽ മഹാ സഖ്യം ശക്തമാക്കിയത്. ജൻസുരാജ് പ്രവർത്തകന്റെ കൊലപാതകത്തിൽ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ കയറിയാണ് ജെ ഡി യു സ്ഥാനാർത്ഥി ആനന്ദ് സിംഗിനെ അറസ്റ്റ് ചെയ്തത്. അതേസമയം ദേശീയ രാഷ്ട്രീയത്തെ ഏറെ സ്വാധീനിക്കാൻ പോകുന്ന ബീഹാറിലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള മുതിർന്ന നേതാക്കളെ എല്ലാം ഇറക്കിയാണ് ബി ജെ പി ഇത്തവണ പ്രചാരണ രംഗം ഇളക്കിമറിച്ചത്. സംസ്ഥാനത്തെ ഫലം കേന്ദ്രഭരണത്തിലും ചലനങ്ങൾക്ക് ഇടയാക്കിയേക്കാമെന്നതാണ് പ്രധാന കാരണം.

PREV
Read more Articles on
click me!

Recommended Stories

യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ
പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ