ധനമന്ത്രി  അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ 75 വർഷത്തെ കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെട്ടേക്കും. നികുതി നിർദ്ദേശങ്ങൾക്കുള്ള ബജറ്റ് പ്രസംഗത്തിന്റെ പാർട്ട് ബി, ഇത്തവണ  ദീർഘകാല സാമ്പത്തിക റോഡ്മാപ്പ് വിശദീകരിക്കുന്ന  ഭാഗമായി മാറുമെന്നാണ് സൂചന. 

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ബജറ്റ് ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കാനൊരുങ്ങി ധനമന്ത്രി നിർമല സീതാരാമൻ. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ, 75 വർഷമായി തുടർന്നുപോന്ന കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെടുമെന്നാണ് സൂചന. സാധാരണയായി നികുതി നിർദ്ദേശങ്ങൾക്കായി മാത്രം മാറ്റിവെക്കാറുള്ള ബജറ്റ് പ്രസംഗത്തിന്റെ പാർട്ട് ബി ഇത്തവണ ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ വിശദീകരിക്കുന്ന പ്രധാന ഭാഗമായി മാറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇതുവരെയുള്ള രീതി അനുസരിച്ച്, ബജറ്റ് പ്രസംഗത്തിന്റെ പാർട്ട് എ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയും പുതിയ പദ്ധതികളെയും കുറിച്ചുള്ളതായിരുന്നു. 'പാർട്ട് ബി' നികുതി മാറ്റങ്ങളിലും പോളിസി പ്രഖ്യാപനങ്ങളിലും ഒതുങ്ങിനിന്നു.ഇത്തവണ പാർട്ട് ബിയിൽ ഹ്രസ്വകാല ലക്ഷ്യങ്ങൾക്കൊപ്പം 21-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലേക്കുള്ള ഇന്ത്യയുടെ ബൃഹത്തായ സാമ്പത്തിക റോഡ്മാപ്പും മന്ത്രി അവതരിപ്പിക്കും.

വെറും നികുതി പരിഷ്കാരങ്ങൾക്കപ്പുറം ഇന്ത്യയുടെ ആഗോള സാമ്പത്തിക അഭിലാഷങ്ങൾ പാർട്ട് ബിയിലൂടെ പുറത്തുവരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു. ധനമന്ത്രിയായി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ ഒൻപതാം ബജറ്റാണിത്. 2019-ൽ ലെതർ ബ്രീഫ്കേസിന് പകരം പരമ്പരാഗതമായ ചുവന്ന തുണിയിൽ പൊതിഞ്ഞ കണക്കുപുസ്തകം കൊണ്ടുവന്ന അവർ പിന്നീട് പൂർണ്ണമായും പേപ്പർ രഹിത ബജറ്റിലേക്ക് മാറി. തുടർച്ചയായ അഞ്ചാം വർഷമാണ് ബജറ്റ് ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിക്കുന്നത്.

വിപണി ഉറ്റുനോക്കുന്ന പ്രധാന കാര്യങ്ങൾ

2026 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 4.5 ശതമാനത്തിൽ താഴെയെത്തിച്ച സാഹചര്യത്തിൽ, അടുത്ത വർഷത്തേക്കുള്ള ലക്ഷ്യം എത്രയായിരിക്കുമെന്നാണ് വിപണി ഉറ്റുനോക്കുന്നത്. നിലവിലുള്ള 11.2 ലക്ഷം കോടി രൂപയിൽ നിന്ന് 10-15 ശതമാനം വർദ്ധന മൂലധന ചെലവിൽ ഉണ്ടായേക്കാം. ഇത് അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തുപകരും. അടുത്ത സാമ്പത്തിക വർഷം നാമമാത്ര ജിഡിപി വളർച്ച 10.5 ശതമാനം മുതൽ 11 ശതമാനം വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.