മൂന്നാം മോദി സർക്കാരിന്റെ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കും. അസാധാരണമായാണ് ഒരു ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. തുടർച്ചയായ ഒൻപതാം ബജറ്റവതരണത്തിലൂടെ നിർമല പുതിയ ചരിത്രനേട്ടം കൂടി സ്വന്തമാക്കും

ദില്ലി: രാജ്യത്ത് വലിയ ആകാംക്ഷ നിറയുന്ന അസാധാരണ ഞായറാഴ്ചയാകും നാളെ. മറ്റൊന്നുമല്ല, രാജ്യം വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് അവതരണം നാളെയാണ്. മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് നാളെ രാവിലെ 11 മണിക്ക് പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമനാകും അവതരിപ്പിക്കുക. അടുത്ത കാലത്തൊന്നും ഒരു ഞായറാഴ്ചയും കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഞായറാഴ്ചയിലെ ബജറ്റ് അവതരണം കൂടുതൽ ആകാംക്ഷയുണ്ടാക്കുന്നതാകുമെന്നാണ് പ്രതീക്ഷ. സ്വതന്ത്ര ഇന്ത്യയുടെ 88 -ാമത് ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന നിർമല സീതാരാമൻ പുതിയ ചരിത്രം കൂടിയാകും ബജറ്റ് അവതരണത്തിൽ സ്വന്തമാക്കുക. തുടർച്ചയായി 9 ബജറ്റവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോർഡും ഇതോടെ നിർമലക്ക് സ്വന്തമാകും.

ഞായറാഴ്ച അസാധാരണ ബജറ്റ് അവതരണം

ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. എന്നാൽ വാരാന്ത്യങ്ങളിൽ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. 2025 ലെ ബജറ്റ് നിർമല സീതാരാമൻ ശനിയാഴ്ചയാണ് അവതരിപ്പിച്ചത്. നേരത്തെ അരുൺ ജെയ്റ്റ്‌ലി 2015, 2016 വർഷങ്ങളിലെ ബജറ്റുകൾ അവതരിപ്പിച്ചത് ഫെബ്രുവരി 28 ശനിയാഴ്ച ദിവസമായിരുന്നു. ബജറ്റ് നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ 2017 മുതലാണ് ബജറ്റ് തീയതി ഫെബ്രുവരി 28 ൽ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. ഇക്കാരണത്താലാണ് ഇത്തവണത്തെ ബജറ്റ് ഞായറാഴ്ച ദിവസം അവതരിപ്പിക്കപ്പെടുന്നത്.

നിർമല സീതാരാമന് ചരിത്രനേട്ടം

നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത്തെ ബജറ്റാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതോടെ തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടം അവർക്ക് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്‍റെ റെക്കോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. മൊത്തം പത്ത് ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ള മൊറാർജിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് നിർമല സീതാരാമൻ. 1959 നും 1964 നും ഇടയിൽ ആറ് തവണയും, 1967 നും 1969 നും ഇടയിൽ നാല് തവണയുമാണ് മൊറാർജി ഇന്ത്യയുടെ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. മറ്റ് ധനമന്ത്രിമാരിൽ പി ചിദംബരം ഒൻപത് ബജറ്റുകളും പ്രണബ് മുഖർജി എട്ട് ബജറ്റുകളും വിവിധ സർക്കാരുകൾക്ക് കീഴിൽ അവതരിപ്പിച്ചിട്ടുണ്ട്. 2019 ൽ നരേന്ദ്ര മോദി സർക്കാർ രണ്ടാം തവണ അധികാരത്തിൽ വന്നപ്പോഴാണ് നിർമല സീതാരാമൻ ആദ്യമായി ഇന്ത്യയുടെ ധനമന്ത്രിയായത്. 2024 ൽ മോദി സർക്കാർ മൂന്നാം തവണയും വിജയിച്ചപ്പോൾ അവർ ധനകാര്യ വകുപ്പിൽ തന്നെ തുടരുകയായിരുന്നു.