ബിഹാർ എക്സിറ്റ് പോളുകളെ തള്ളി എന്‍ഡിഎ, നിതീഷിനെതിരെ വികാരമില്ലെന്ന് ജെഡിയു; മഹാസഖ്യം ക്യാമ്പ്  ആവേശത്തില്‍

By Web TeamFirst Published Nov 8, 2020, 12:52 PM IST
Highlights

ഭരണ വിരുദ്ധ വികാരം നിതീഷ് കുമാറിന് വലിയ തിരിച്ചടിയായി. തൊഴിലില്ലായ്മ, കൊവിഡിനെ കൈകാര്യം ചെയ്തതിലെ പാളിച്ച, പ്രളയ രക്ഷാപ്രവര്‍ത്തനത്തിലെ ജാഗ്രതയില്ലായ്മ ഇതെല്ലാം സര്‍ക്കാരിനെ പിന്നോട്ടടിച്ചെന്നാണ് വിലയിരുത്തല്‍. 

ദില്ലി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് ഭൂരിപക്ഷം പ്രഖ്യാപിച്ച എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി എന്‍ഡിഎ. നിതീഷ് കുമാര്‍ അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുമെന്ന വിലയിരുത്തലുകള്‍ക്ക് അടിസ്ഥാനവുമില്ലെന്ന് ജെഡിയു പ്രതികരിച്ചു. ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോളാണ് എന്‍ഡിഎയുടെ ചങ്കിടിപ്പ് കൂട്ടി ഒന്നിന് പിന്നാലെ മറ്റൊന്നായി എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നത്. മഹാസഖ്യത്തിന് ഭൂരിപക്ഷം സര്‍വ്വേകളും മുന്‍തൂക്കം പ്രഖ്യാപിച്ചപ്പോള്‍ എന്‍ഡിഎ തൂത്തെറിയെപ്പെടുമെന്ന് ടുഡേയ്സ് ചാണക്യയുടേയും , ഇന്ത്യടുഡേയുടെയും എക്സിറ്റ് പോളുകളും  പ്രവചിച്ചു. 

ഭരണ വിരുദ്ധ വികാരം നിതീഷ് കുമാറിന് വലിയ തിരിച്ചടിയായി. തൊഴിലില്ലായ്മ, കൊവിഡിനെ കൈകാര്യം ചെയ്തതിലെ പാളിച്ച, പ്രളയ രക്ഷാപ്രവര്‍ത്തനത്തിലെ ജാഗ്രതയില്ലായ്മ ഇതെല്ലാം സര്‍ക്കാരിനെ പിന്നോട്ടടിച്ചെന്നാണ് വിലയിരുത്തല്‍. മോദി നല്ലത് നിതീഷ് പോരെന്ന ഗ്രാമീണ ജനതയുടെയടക്കം പ്രതികരണം എന്‍ഡിഎയില്‍ ബിജെപിയുടെ നില മെച്ചപ്പെടുമെന്നതിന് അടിസ്ഥാനമായി സര്‍വ്വേകള്‍ വിലയിരുത്തുന്നു. എന്നാല്‍ വിലയിരുത്തലുകള്‍ക്ക് യാതൊരടിസ്ഥാനവുമില്ലെന്നാണ് ജെഡിയുവിന്‍റെ  പ്രതികരണം

ലാലു പ്രസാദ് യാദവിന്‍റെ കാട്ടുഭരണമെന്ന ആരോപണം നിഴല്‍പോലെ പിന്തുടര്‍ന്നുവെങ്കിലും കരുതലോടെയുള്ള തേജസ്വിയുടെ നീക്കങ്ങള്‍ വിജയം കാണുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍  വ്യക്തമാക്കുന്നത്. ലാലുവിന്‍റെ  ചിത്രം പോലും ഒഴിവാക്കി തേജസ്വി മാത്രം പ്രചാരണത്തില്‍ നിറഞ്ഞ് നിന്നത് ബുദ്ധിപരമായ നീക്കമെന്നാണ് വിലയിരുത്തല്‍. അസദുദ്ദീന്‍ ഒവൈസിയുടേതടക്കമുള്ള ചെറുപാര്‍ട്ടികള്‍ക്ക് മഹാസഖ്യത്തിന്‍റെ വോട്ട് ചിതറിക്കനായില്ലെന്ന നിരീക്ഷണവും തേജസ്വിയുടെവിജയത്തിന് കരുത്ത് പകര്‍ന്നേക്കാമെന്ന് എക്സിററ് പോളുകൾ വ്യക്തമാക്കുന്നത്. 

click me!