കൊറോണ: രാജസ്ഥാനിലും ബീഹാറിലും ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാള്‍ വീതം നിരീക്ഷണത്തില്‍

By Web TeamFirst Published Jan 27, 2020, 10:21 AM IST
Highlights

ചൈനയില്‍ കൊറോണ വൈറസ് ദ്രുതഗതിയില്‍ പടരുന്നത് ആശങ്ക പരത്തുന്നതിനിടെയാണ് രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. 

ദില്ലി: രാജസ്ഥാനിലും ബീഹാറിലും ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാള്‍ വീതം നിരീക്ഷണത്തില്‍. ചൈനയില്‍ കൊറോണ വൈറസ് ദ്രുതഗതിയില്‍ പടരുന്നത് ആശങ്ക പരത്തുന്നതിനിടെയാണ് രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. രാജസ്ഥാനില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് ചൈനയില്‍ നിന്നെത്തിയ ഡോക്ടറാണ്. ഇയാളുടെ രക്തം പരിശോധനയ്ക്കായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കും. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ബീഹാറിലെ ചപ്രയിൽ ഒരു വിദ്യാര്‍ത്ഥിനിയെയും  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനിയാണ് ഇവര്‍. പാറ്റ്ന മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പെണ്‍കുട്ടിയെ  പ്രവേശിപ്പിച്ചിരിക്കുന്നത്. 

അതേസമയം കൊറോണ വൈറസ് ബാധയ്ക്ക് എതിരെ കനത്ത ജാഗ്രത തുടരുമെന്നും, ഇതുവരെ മുപ്പതിനായിരത്തോളം യാത്രക്കാരെ വിവിധ വിമാനത്താവളങ്ങളിലായി പരിശോധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 137 ഫ്ലൈറ്റുകളിലെ 29, 707 യാത്രക്കാരെയാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി പ്രത്യേക തെർമൽ സ്കാനിന് വിധേയരാക്കിയത്. സ്കാനിന് ശേഷം മാത്രമാണ് ഇവരെ അകത്തേയ്ക്ക് കയറാൻ അനുവദിച്ചത്. ആരോഗ്യപ്രവർത്തകരെ പ്രത്യേകം ഓരോ വിമാനത്താവളത്തിലും നിയോഗിച്ചിരുന്നു. ചൈനയിൽ നിന്ന് വരുന്നവരെ പ്രത്യേകിച്ചും, സിംഗപ്പൂർ, ഓസ്ട്രേലിയ എന്നിങ്ങനെ രോഗബാധ കണ്ടെത്തിയ മറ്റ് പല രാജ്യങ്ങളിൽ നിന്ന് എത്തിയവരെയും പ്രത്യേകം പരിശോധിച്ചു. ഇന്നലെ മാത്രം 22 ഫ്ലൈറ്റുകളിലായി എത്തിയ 4,359 പേരെയാണ് പരിശോധിച്ചത്. ഇതുവരെ ആശങ്കപ്പെടുത്തുന്ന നിലയിൽ ആരെയും രോഗലക്ഷണങ്ങളോടെ കണ്ടെത്തിയിട്ടില്ല. വൈറസിനെതിരെ കനത്ത ജാഗ്രത തുടരും - കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 



 

click me!