വകുപ്പ് മാറ്റത്തിന് പിന്നാലെ രാജി, ബിഹാറിൽ മന്ത്രി കാർത്തികേയ സിംഗ് രാജിവച്ചു

By Web TeamFirst Published Aug 31, 2022, 11:20 PM IST
Highlights

തട്ടിക്കൊണ്ടു പോകൽ കേസിൽ അറസ്റ്റ് വാറണ്ട് ഉള്ള സാഹചര്യത്തിൽ ആയിരുന്നു വകുപ്പുമാറ്റം.

പാറ്റ്ന: ബിഹാറിൽ മന്ത്രി കാർത്തികേയ സിംഗ് രാജിവച്ചു. നിയമ മന്ത്രിയായിരുന്ന കാർത്തികേയ സിംഗിന്‍റെ വകുപ്പ് ഇന്ന് മാറ്റിയതിന് പിന്നാലെയാണ് രാജി വെച്ചത്. തട്ടിക്കൊണ്ടു പോകൽ കേസിൽ അറസ്റ്റ് വാറണ്ട് ഉള്ള സാഹചര്യത്തിൽ ആയിരുന്നു വകുപ്പുമാറ്റം. വാറണ്ട് നിലനിൽക്കെ ആർജെഡി നേതാവ് മന്ത്രിയായത് നേരത്തെ വിവാദമായിരുന്നു. കൈകാര്യം ചെയ്തിരുന്ന നിയമവകുപ്പിന് പകരം കാർത്തികേയ സിംഗിന് കരിമ്പ് വ്യവസായ വകുപ്പാണ് നൽകിയത്. മന്ത്രിയുടെ രാജി മുഖ്യമന്ത്രി നിതീഷ് കുമാർ അംഗീകരിച്ചു.

ഒരേദിനം റാലിയുമായി ഗുലാംനബിയും രാഹുലും; പാര്‍ട്ടിവിട്ട ഗുലാം പറയാന്‍ ബാക്കിവെച്ചതെന്ത്? ഉറ്റുനോക്കി കോണ്‍ഗ്രസ്

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ട ശേഷം ആദ്യമായി ജനങ്ങള്‍ക്ക് മുമ്പിലേക്ക്. ജമ്മുവില്‍ സെപ്റ്റംബര്‍ നാലിന് നടക്കുന്ന റാലിയെ ഗുലാം നബി അഭിസംബോധന ചെയ്യും. അതേ ദിനം രാഹുല്‍ ഗാന്ധി ദില്ലിയില്‍ കോണ്‍ഗ്രസിന്‍റെ 'മെഹംഗായ് പർ ഹല്ല ബോല്‍' റാലിയില്‍ പങ്കെടുക്കുന്നുണ്ട് എന്നുള്ളതാണ് ശ്രദ്ധേയം. രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

ജമ്മുവില്‍ ഗുലാം നബി എന്തെല്ലാം തുറന്ന് പറയുമെന്നതാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍ ഉറ്റുനോക്കുന്നത്. ഒരേ ദിനം രാഹുലും ഗുലാം നബിയും ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ഇരുവരും പരസ്പരം കൊമ്പ് കോര്‍ക്കുമോയെന്നുള്ള ചര്‍ച്ചയും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. കാശ്മീരിനെ വിഭജിച്ച മോദി മികച്ച നേതാവാണെന്ന്‌ പറയുന്ന ഗുലാം നബി ആസാദിന്‍റെ  നിലപാട് കോൺഗ്രസിന് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഇന്ന് കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

ഇതിനടക്കം മറുപടി ഗുലാം നബി റാലിയില്‍ നല്‍കാനുള്ള സാധ്യത തള്ളി കളയാനാകില്ല. രാജിക്കത്തില്‍ ഗുരുതരമായ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരുന്നത്. അതേസമയം, കോൺഗ്രസ് വിട്ട ഗുലാം നബി ആസാദുമായി കോൺഗ്രസിലെ വിമതരായ ജി 23 നേതാക്കൾ ചര്‍ച്ച നടത്തിയത് ദില്ലയിലെ ശ്രദ്ധേയ രാഷ്ട്രീയ നീക്കമായി. ആനന്ദ് ശർമ, പൃഥ്വിരാജ് ചവാൻ, ഭൂപീന്ദർ ഹൂഡ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം. പാർട്ടി വിടാനുള്ള തീരുമാനം ഒറ്റ ദിവസം കൊണ്ട് എടുത്തതല്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.  

പ്രശ്നപരിഹാരത്തിന് ഏറെ നാൾ കാത്തിരുന്നു. നേതൃത്വത്തിന് ഇതിന് സമയമില്ലായിരുന്നു. പത്തു കൊല്ലം കാത്തിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ചുറ്റുമുള്ള സംഘത്തെ എല്ലാവർക്കും അറിയാം. കെ സി വേണുഗോപാലിനെ മാറ്റണം എന്ന് ആവശ്യപ്പെട്ടില്ല. വേണുഗോപാലിന് കടലാസിൽ ഒപ്പിടാനുള്ള അധികാരമേ ഉള്ളു. ശശി തരൂരുമായി രാജിക്കു ശേഷം സംസാരിച്ചില്ല. കോൺഗ്രസിൽ ഒന്നും മാറില്ലെന്ന് കരുതുന്നവർ പുറത്തു വരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

 

tags
click me!