കൊലക്കേസിൽ കീഴടങ്ങും മുമ്പ് മകളുടെ വിവാഹം; 4 ലക്ഷം പേർക്ക് ക്ഷണം, വമ്പൻ ചടങ്ങുകൾക്ക് വിവാദ എംഎൽഎ

Published : Nov 10, 2026, 01:30 AM IST
Anant Singh Daughter Wedding

Synopsis

ബിഹാറിലെ വിവാദ എംഎൽഎ അനന്ത് സിങ്ങിൻ്റെ മകളുടെ അത്യാഢംബര വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നാല് ലക്ഷം പേർക്കാണ് വിവാഹത്തിലേക്ക് ക്ഷണം. നവംബർ 25ന് ലാഡ്മയിലെ തറവാട്ട് വീട്ടിൽ വെച്ചാണ് വിവാഹം.

പാട്ന: നാല് ലക്ഷം അതിഥികൾക്ക് ക്ഷണം, വിദേശത്ത് നിന്ന് പൂക്കൾ, കുതിരയോട്ടത്തിൽ വിജയിക്കുന്നവർക്ക് മഹീന്ദ്ര ഥാർ സമ്മാനം. കേൾക്കുമ്പോൾ ഏതെങ്കിലും ഉദ്ഘാടന പരിപാടിയോട് അനുബന്ധിച്ചുള്ളതാണെന്ന് തോന്നുമെങ്കിലും സംഗതി അതല്ല, ബിഹാറിലെ വിവാദ എംഎൽഎ അനന്ത് സിങ്ങിൻ്റെ മകൾ ശിവാംഗി സിങ്ങിൻ്റെ വിവാഹമാണ് പരിപാടി. മുൻ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനായി ഒമ്പതുപേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വിവാദത്തിലായ മൊകാമ എംഎൽഎ അനന്ത് സിങ് ആണ് മകളുടെ വിവാഹം അത്യാഢംബരത്തോടെ സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. കൊലക്കേസുമായി ബന്ധപ്പെട്ട് ഡിസംബർ ഒന്നിന് കീഴടങ്ങടണമെന്ന കോടതി ഉത്തരവ് നിലനിൽക്കെ ആണ് വമ്പൻ വിവാഹ സൽക്കാരത്തിന് 'ഛോട്ടേ സർക്കാർ' എന്നറിയപ്പെടുന്ന അനന്ത് സിങ് ഒരുങ്ങുന്നത്.

നവംബർ 25ന് ലാഡ്മയിലെ തറവാട്ട് വീട്ടിൽ വെച്ചാണ് അനന്ത് സിങ്ങിൻ്റെ മകൾ ശിവാംഗി സിങ്ങും ഋഷികേശ് കുമാറും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. നാല് ലക്ഷം പേർക്ക് സൽക്കാരം നടത്താനുള്ള രീതിയിലാണ് പന്തൽ ഒരുങ്ങുന്നത്. ഉത്തർ പ്രദേശിൽ നിന്നുള്ള ശിൽപികളാണ് പന്തലും വിവാഹച്ചടങ്ങിനുള്ള സ്റ്റേജും ഒരുക്കുന്നത്. നവംബർ 20 ഓടെ പന്തൽ നിർമ്മാണം പൂർത്തിയാകും. വിവിഐപി അതിഥികൾക്കായി പ്രത്യേകം പന്തലും ഒരുക്കുന്നുണ്ട്. വധൂവരന്മാർക്കുള്ള സേജ് 100 അടി നീളത്തിൽ സിമെൻ്റ് കൊണ്ടാണ് നിർമ്മിക്കുന്നത്. സ്റ്റേജ് അലങ്കരിക്കാനായി 150 ക്വിൻ്റൽ ആഭരണങ്ങളാണ് ഉപയോഗിക്കുന്നത്.

വിവാഹ ശേഷം നവദമ്പതികൾക്ക് താമസിക്കാനായി ബിഹാതയിൽ പുതിയ വീടും നിർമ്മിച്ചിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട പൂജാ ചടങ്ങുകൾ ഈ വീട്ടിലാണ് നടക്കുക. ഇവിടെ നിന്നാണ് ലാഡ്മയിലെ അനന്ത് സിങ്ങിൻ്റെ തറവാട്ട് വീട്ടിലേക്ക് വിവാഹ ഘോഷയാത്ര നടക്കുക. വിവാഹത്തോട് അനുബന്ധിച്ചു നടത്തുന്ന കുതിരയോട്ടത്തിനായി പ്രത്യേക മൈതാനം ഒരുക്കുന്നുണ്ട്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സരത്തിൽ പങ്കെടുക്കാൻ കുതിരകൾ എത്തും. കുതിരയോട്ടത്തിലെ വിജയിക്ക് മഹീന്ദ്ര ഥാർ ആണ് സമ്മാനം. രണ്ടാം സമ്മാനം ഇരുചക്ര വാഹനമാണ്.

സിനിമ - രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള പ്രമുഖരെ വിവാഹച്ചടങ്ങിലേക്ക് അനന്ത് സിങ് ക്ഷണിച്ചിട്ടുണ്ട്. സോനു സൂദ്, മനോജ് തിവാരി അടക്കമുള്ള ബോളിവുഡ് താരങ്ങൾ അടക്കം ഇതിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്ഷണക്കത്ത് നൽകാനാണ് അനന്ത് സിങ്ങിൻ്റെ തീരുമാനം. "എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. ബിഹാറിൽ നിന്നുള്ളവരെ മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ളവരെയും... ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രാഷ്ട്രീയക്കാരെ ക്ഷണിച്ചിട്ടുണ്ട്. ഒരു കല്യാണത്തിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഇല്ല. കലാകാരന്മാരും വരുന്നുണ്ട്... പ്രധാനമന്ത്രി മോദിക്കും ക്ഷണക്കത്ത് നൽകും" - അനന്ത് സിങ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

അതേസമയം വിവാഹത്തിന് ഒരാഴ്ചയ്ക്കപ്പുറം അനന്ത് സിങ്ങിന് കൊലക്കേസിൽ കീഴടങ്ങണം. 2025ലെ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്ന ദുലാർ ചന്ദ് യാദവിനെ കൊലപ്പെടുത്തിയതിന് പിന്നിലെ ബുദ്ധികേന്ദ്രം അനന്ത് സിങ് ആണെന്നാണ് കേസ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ അനന്ത് സിങ് അറസ്റ്റിലായിരുന്നു. മാർച്ചിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അനന്ത് സിങ്ങിനോട് ഡിസംബർ ഒന്നിന് കീഴടങ്ങണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. അടുത്തിടെ, ജെഡിയു അനന്ത് സിങ്ങിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. നിതീഷ് കുമാറിന് വേണ്ടി ഒമ്പത് കൊലപാതകങ്ങൾ നടത്തിയെന്ന് പറഞ്ഞ അനന്ത് സിങ്, പരാമർശം വിവാദമായതോടെ മലക്കം മറിഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോൺഗ്രസിനെതിരെ പ്രധാനമന്ത്രിയുടെ 'ദിമാഗി നക്സൽ' പരാമർശം: സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി, ഈ മാസം 26-ന് മണിപ്പൂർ സന്ദർശിക്കും
ശ്വാസം മുട്ടി ദില്ലി, വായുമലിനീകരണം അപകടാവസ്ഥയിൽ; മലിനീകരണതോത് 400 കടന്നു, സർക്കാർ കണക്കുകൾ തട്ടിപ്പെന്ന് എഎപി