
പട്‌ന: ബിഹാറിലെ മുസാഫർപൂരിലെ തിര്ഹട്ട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക കണ്ട് ഞെട്ടി വോട്ടർമാർ. ബൂത്ത് നമ്പർ 54ലെ വോട്ടർപട്ടികയിലെ 138 വോട്ടർമാർക്ക് ഒരച്ഛൻ, മുന്ന കുമാർ!. ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അബദ്ധം കണ്ടെത്തിയത്. ഔറായ് ബ്ലോക്കിലെ ബൂത്ത് നമ്പർ 54-ലാണ് വിചിത്രമായ സംഭവം. ക്ലറിക്കൽ പിശക് കാരണമാണ് 138 വോട്ടർമാരുടെയും അച്ഛനായി മുന്ന കുമാറിനെ രേഖപ്പെടുത്തിയതെന്നാണ് വിശദീകരണം. അതേസമയം ആരോപണവുമായി
ജനതാദൾ(യു) സ്ഥാനാർത്ഥി അഭിഷേക് ഝാ രംഗത്തെത്തി.
പല വോട്ടർമാർക്കും ഒരേ പിതാവ് എന്നത് വിചിത്രമാണ്. ഇത് എങ്ങനെ സംഭവിക്കും? വോട്ടർമാരെ വോട്ട് ചെയ്യുന്നതിൽ നിന്ന് തടയുമെന്ന് ഭയപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. സ്വതന്ത്ര സ്ഥാനാർത്ഥി വംശിധർ ബ്രിജ്വാസിയും സംഭവം നിസാരമായി കാണുന്നില്ല. പിശക് ഡിവിഷണൽ കമ്മീഷണറെ അറിയിച്ചു,.പക്ഷേ ഫലമുണ്ടായില്ല. 138 വോട്ടർമാർ പരിഭ്രാന്തിയിലാണ്, കാരണം അവരെല്ലാം മുന്ന കുമാറിൻ്റെ മക്കളാണെന്ന് ലിസ്റ്റിൽ പറയുന്നു. തങ്ങളുടെ വോട്ടവകാശം നിഷേധിക്കപ്പെടുമെന്ന് വോട്ടർമാർ ഭയപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. പട്ടികയിൽ ഉൾപ്പെട്ടവർ സാധുതയുള്ള ഐഡി ഹാജരാക്കിയാൽ തിരിച്ചയക്കില്ലെന്നും പട്ടിക ഇപ്പോൾ ശരിയാക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ജെഡിയു എംഎൽസി ദേവേഷ് ചന്ദ്ര താക്കൂർ സീതാമർഹിയിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് തിര്ഹട്ട് മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് . ഡിസംബർ 9 ന് ഫലം പ്രഖ്യാപിക്കും.