
മുംബൈ: ബോളിവുഡ് യുവതാരം സുശാന്ത് സിംഗിന്‍റെ മരണം അന്വേഷിക്കാനെത്തിയ പാറ്റ്ന എസ് പി ബിനയ് തിവാരിയെ ബലം പ്രയോഗിച്ച് ക്വാറന്‍റീന്‍ ചെയ്തതായി റിപ്പോര്‍ട്ട്. ബിനയ് തിവാരിയെ മുംബൈ കോർപ്പറേഷൻ 14 ദിവസത്തേക്ക് ക്വാറന്‍റീൻ ചെയ്തുവെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട്. ഐപിഎസ് ഓഫീസറെ ബലം പ്രയോഗിച്ച് ക്വാറന്‍റീൻ ചെയ്യുകയായിരുന്നെന്ന് ബിഹാർ ഡിജിപി ട്വീറ്റ് ചെയ്തു.
സുശാന്തിന്‍റെ മരണത്തില്‍ കുടുംബം പാറ്റ്നയിൽ നൽകിയ പരാതി അന്വേഷിക്കാൻ ബിഹാർ പൊലീസ് മുംബൈയിൽ എത്തിയത് മുതൽ തുടങ്ങിയ തർക്കമാണ് പുതിയ തലത്തിലേക്ക് കടക്കുന്നത്. മുംബൈയിൽ കേസന്വേഷണം നടത്തുന്ന സംഘത്തെ നയിക്കാനാണ് എസ്പി ബിനയ് തിവാരി ഇന്നലെ വൈകീട്ടോടെ എത്തിയത്. മാധ്യമ പ്രവർത്തകരെ കണ്ടശേഷം ജോലിയിലേക്ക് കടക്കും മുൻപ് മുംബൈ കോർപ്പറേഷൻ കയ്യിൽ ക്വാറന്‍റീൻ സീൽ പതിക്കുകയായിരുന്നു.
രാത്രിയോടെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള നടപടിയെന്നാണ് മുംബൈ കോർപ്പറേഷൻറെ വിശദീകരണം. ഐപിഎസ് മെസ്സിൽ താമസം പോലും നൽകിയില്ലെന്ന വിമർശനവുമായി ബിഹാർ ഡിജിപി രംഗത്തെത്തി.ക്വാറന്‍റീൻ ചെയ്തില്ലെങ്കിലും നേരത്തെ എത്തിയ പൊലീസ് സംഘത്തിന് വാഹനം പോലും നൽകുന്നില്ലെന്ന പരാതി ബിഹാർ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴും ഓട്ടോയിലാണ് മുംബൈയിൽ ബിഹാർ പൊലീസ് സംഘത്തിന്‍റെ യാത്രകളെല്ലാം.
കേസുമായി ബന്ധപ്പെട്ട പോസ്റ്റ് മോർട്ടം റിപ്പോർട്ട് പോലും നൽകാതെ നിസഹകരണത്തിലാണ് മുംബൈ പൊലീസുള്ളതെന്നാണ് പരാതി. ഇതിനെല്ലാം ഇടയിലാണ് പുതിയ പ്രകോപനം. സ്ഥിതി കൂടുതൽ സങ്കീർണമാവുന്ന സാഹചര്യത്തിൽ രാത്രിയോടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്,മുംബൈ പൊലീസ് കമ്മീഷണർ,മഹാരാഷ്ട്രാ ഡിജിപി എന്നിവരുടെ യോഗം വിളിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam