Asianet News MalayalamAsianet News Malayalam

'ഓപറേഷൻ മഹാരാഷ്ട്ര' അപകടം മണത്തു'; മറുകണ്ടം ചാടി നിതീഷ്, പകച്ച് ബിജെപി

ജെഡിയുവിനെ ഞെട്ടിച്ച് തെരഞ്ഞെടുപ്പിൽ ബിജെപി കൂടുതൽ സീറ്റ് നേടിയത് തന്നെ നിതീഷിനെ ചൊടിപ്പിച്ചിരുന്നു. ചിരാ​ഗ് പാസ്വാനെ ഉപയോ​ഗിച്ച് ജെഡിയുവിന്റെ വോട്ടുകൾ വിഘടിപ്പിച്ചാണ് ബിജെപി വലിയ കക്ഷിയായതെന്ന പരാതി നിതീഷിനുണ്ടായിരുന്നു. എങ്കിലും മുന്നണി മര്യാദ ലംഘിക്കാതെ നിതീഷിനെ തന്നെ മുഖ്യമന്ത്രിയാക്കാൻ ബിജെപി തയ്യാറായി.

Nitish Kumar Political Strategy in Bihar, Big blow for BJP
Author
Patna, First Published Aug 9, 2022, 4:44 PM IST

പട്ന: പടലപ്പിണക്കങ്ങളേറെയുണ്ടെങ്കിലും എൻഡിഎ മുന്നണിയിൽനിന്ന് ജെഡിയു വിട്ടുപോകില്ലെന്ന ബിജെപിയുടെ ആത്മവിശ്വാസത്തിന് കടുത്ത ആഘാതമേൽപ്പിക്കുന്നതാണ് നിതീഷ് കുമാറിന്റെ രാഷ്ട്രീയ നീക്കങ്ങൾ. അടുത്തകാലത്ത് ബിജെപിയുമായുള്ള അസ്വാരസ്യങ്ങൾ പരസ്യമായി പ്രകടിപ്പിച്ചെങ്കിലും ഇത്രയും വലിയ നീക്കം അപ്രതീക്ഷിതമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള നിതീഷ് കുമാറിന്റെ രാജിയും മുന്നണിമാറ്റവും സംസ്ഥാനത്തും ദേശീയതലത്തിലും ബിജെപിക്ക് കനത്ത തിരിച്ചടിയായി. 

രാഷ്ട്രപതി സ്ഥാനാരോഹണ ചടങ്ങിലും രാംനാഥ് കോവിന്ദിന്റെ യാത്രയയപ്പ് ചടങ്ങിലും വിട്ടുനിന്ന നിതീഷ് വിയോജിപ്പ് പരസ്യമാക്കിയതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുരഞ്ജനത്തിന് നേരിട്ടെത്തിയെങ്കിലും നിതീഷ് മുഖം കൊടുത്തില്ല. പിന്നാലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോ​ഗ് യോ​ഗത്തിലും അദ്ദേഹം വിട്ടുനിന്നു. ഇതിനിടെ മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളും നിതീഷിന്റെ ഉറക്കം കെടുത്തി. ജെഡിയുവിലെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആർ.സി.പി. സിങ് പാർട്ടി വിട്ടതും അഭ്യൂഹങ്ങൾക്ക് കാരണമായി. ആർസിപി സിങ്ങിനെ ഉപയോ​ഗിച്ച് ബിഹാറിൽ ബിജെപി മഹാരാഷ്ട്ര മോഡൽ രാഷ്ട്രീയ തന്ത്രം പയറ്റുമോ എന്നുള്ള ചിന്തയാണ് ഒരുമുഴം മുമ്പേ കാര്യങ്ങൾ നീക്കാൻ നിതീഷിനെ പ്രേരിപ്പിച്ചത്. 

ജെഡിയുവിനെ ഞെട്ടിച്ച് തെരഞ്ഞെടുപ്പിൽ ബിജെപി കൂടുതൽ സീറ്റ് നേടിയത് തന്നെ നിതീഷിനെ ചൊടിപ്പിച്ചിരുന്നു. ചിരാ​ഗ് പാസ്വാനെ ഉപയോ​ഗിച്ച് ജെഡിയുവിന്റെ വോട്ടുകൾ വിഘടിപ്പിച്ചാണ് ബിജെപി വലിയ കക്ഷിയായതെന്ന പരാതി നിതീഷിനുണ്ടായിരുന്നു. എങ്കിലും മുന്നണി മര്യാദ ലംഘിക്കാതെ നിതീഷിനെ തന്നെ മുഖ്യമന്ത്രിയാക്കാൻ ബിജെപി തയ്യാറായി. എന്നാൽ, ദില്ലിയിൽ നിന്ന് നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ബി​ഹാറിലെ ബിജെപി. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിന് ശേഷം നിതീഷും ബിജെപിയും നിരവധി തവണ ഉടക്കി. ഒടുവിൽ സ്പീക്കറെ മാറ്റണമെന്ന നിതീഷിന്റെ ആവശ്യം ബിജെപി തള്ളിയതോടെ പ്രശ്നങ്ങൾ രൂക്ഷമായി.

ഇതിനിടെ ആർസിപി സിങ്ങിനെ ഉപയോ​ഗിച്ച് ബിജെപി കരുക്കൾ നീക്കുന്നുണ്ടോ എന്ന കാര്യത്തിൽ നിതീഷിനും സംശയമുയർന്നു. തുടർന്ന് അമിത് ഷായുമായും ബിജെപി കേന്ദ്ര നേതൃത്വമായും കൂടുതൽ അടുപ്പമുള്ള സിങ്ങിനെ രാജ്യസഭ സീറ്റ് നൽകാതെ മാറ്റി നിർത്തി. പിന്നാലെ അദ്ദേഹത്തിന്റെ ഭൂമിയിടപാടിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പാർട്ടി തേടി. നളന്ദ മേഖലയിൽ ശക്തമായ സ്വാധീനമുള്ള സിങ് പാർട്ടി വിശദീകരണം ചോദിച്ചതിന് പിന്നാലെ രാജിവെച്ചു. സിങ്ങിനെ ഉപയോ​ഗിച്ച് ജെഡിയു എംഎൽഎമാരെ അടർത്തി ബിജെപി മുഖ്യമന്ത്രി സ്ഥാനം ചോദിക്കുമോ എന്ന സംശയം പാർട്ടിയിലും നിതീഷിലുമുണ്ടായി. എരിതീയിൽ എണ്ണ കണക്കെ, ഇക്കാര്യം പ്രതിപക്ഷം നിതീഷിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ബിഹാർ സർക്കാറിന്റെ കാര്യങ്ങളിൽ ബിജെപി കേന്ദ്രനേതൃത്വം അമിതമായി ഇടപെടുന്നുവെന്ന പരാതിയും ജെഡിയുവിനുണ്ടായിരുന്നു.  തുടർന്ന് പാർട്ടി എംഎൽഎമാരും എംപിമാരുമായി കൂടിക്കാഴ്ച നടത്തിയാണ് എൻഡിഎ വിടുന്ന കാര്യം നിതീഷ് തീരുമാനിച്ചത്. 

ബിജെപി സഖ്യം വിട്ടു, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു, ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി

നിതീഷ് കുമാറിന്റെ മൂന്നാമത്തെ വലിയ രാഷ്ട്രീയ നീക്കമാണിത്. 2013ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർഥിയായതിൽ പ്രതിഷേധിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ മുന്നണി വിടുകയും ആർജെഡിക്കൊപ്പം മഹാസഖ്യം രൂപീകരിച്ച് ഭരണം പിടിക്കുകയും ചെയ്തു. എന്നാൽ, രണ്ട് വർഷത്തിന് ശേഷം തേജസ്വി യാദവിനെതിരെ അഴിമതി ആരോപിച്ച് ബിജെപിയുമായി ചേർന്ന് ഭരണം നിലനിർത്തുകയും ചെയ്തു. 2020ൽ എൻഡിഎ മുന്നണിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായെങ്കിലും ജെഡിയുവിന്റെ പ്രകടനം ദയനീയമായി. ആർജെഡിക്കും ബിജെപിക്കും പിന്നിലായിരുന്നു ജെഡിയുവിന്റെ സ്ഥാനം. ബിഹാറിൽ ജെഡിയുവിനെ ഏതുവിധേനയും തളർത്തി ഏറ്റവും വലിയ പാർട്ടിയാകാനാണ് ബിജെപി ശ്രമിക്കുന്നതെന്ന്  നിതീഷ് ഒളിഞ്ഞും തെളിഞ്ഞും പലതവണ ആരോപിച്ചു. എന്തായാലും ബിജെപിക്ക് ഓപറേഷൻ താമര, ഓപറേഷൻ മഹാരാഷ്ട്ര പദ്ധതികൾക്ക് അവസരം കൊടുക്കാതെയുള്ള രാഷ്ട്രീയ കരുനീക്കമാണ് നിതീഷ് കുമാർ നടത്തിയത്. 

Follow Us:
Download App:
  • android
  • ios