
ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം (Marriage Age) ഉയർത്താനുള്ള ബിൽ നാളെ പാർലമെന്‍റിൽ (Parliament) അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി. പാർലമെന്റിലെ ഇരു സഭകളുടെയും അജണ്ടയിൽ ബിൽ അവതരണം ഇതുവരെ ഉൾപ്പെടുത്തിയില്ല. ബില്ലിനെ പറ്റി സർക്കാർ മൗനം പാലിക്കുകയാണ്. അവതരിപ്പിക്കണമെന്ന് രാവിലെ തീരുമാനിക്കുകയാണെങ്കിൽ അധിക അജണ്ടയായി ബില്ല് കൊണ്ടുവരാൻ സാധിക്കും. അതേസമയം ബില്ലിൽ എന്ത് നിലപാട് എടുക്കണമെന്നതിൽ കോൺഗ്രസ്സിൽ ആശയഭിന്നത തുടരുകയാണ്.
വിവാഹപ്രായം ഉയർത്തുന്നതിനോട് യോജിപ്പെന്നാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരത്തിന്റെ നിലപാട്. ബില്ല് തള്ളിക്കളയുന്ന നിലപാടായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സ്വീകരിച്ചത്. ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെടാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്.
സ്ത്രീകൾക്കും പുരുഷൻമാർക്കും 21 ആയി നിശ്ചയിക്കണം ഇതിൻ്റെ ലക്ഷ്യത്തെക്കുറിച്ച് ഒരു വർഷം ജനങ്ങളെ ബോധ്യപ്പെടുത്തണം. ഒരു വർഷത്തിനു ശേഷം ഇത് നടപ്പാക്കാം എന്നാണ് ചിദംബരം പറയുന്നത്. ബില്ലിനോട് വിയോജിക്കുമ്പോഴും എതിർത്തു വോട്ടു ചെയ്യേണ്ടതുണ്ടോ എന്ന ആശയക്കുഴപ്പം കോൺഗ്രസിലുണ്ട്.
ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിടണം എന്ന നിർദ്ദേശം സിപിഎം പൊളിറ്റ് ബ്യൂറോ യോഗം മുന്നോട്ടു വച്ചിട്ടുണ്ട്. മുസ്ലീം ലീഗും എസ്പിയും എംഐഎമ്മും ബില്ലിനെ എതിർക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ മൗനം തുടരുകയാണ്. മുത്തലാഖ് ബിൽ വന്നപ്പോൾ ലോക്സഭയിൽ വോട്ടെടുപ്പ് ബഹിഷ്ക്കരിച്ച ശേഷം രാജ്യസഭയിൽ കോൺഗ്രസ് എതിർത്ത് വോട്ട് ചെയ്തിരുന്നു.
കേന്ദ്ര നീക്കത്തിനെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ (AIDWA) കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു. പങ്കാളിയെ സ്വയം തെരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ കൂടുതൽ ഹനിക്കുന്നതാണ് കേന്ദ്ര നീക്കമെന്നാണ് ജനാധിപത്യ മഹിള അസോസിയേഷൻ പറയുന്നത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പോലും ആൺകുട്ടികൾക്കെതിരെ അനാവശ്യകേസുകൾക്കും പെൺകുട്ടികളുടെ സ്വകാര്യതയുടെ ലംഘനത്തിനും ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആൺകുട്ടികളുടെ വിവാഹപ്രായം കൂടി കുറച്ചു കൊണ്ടു വരികയാണ് വേണ്ടതെന്നാണ് പൊതുവിൽ ഇടതു വനിത സംഘടനകൾ പറയുന്നത്. അഖിലേന്ത്യ മഹിള അസോസിയേഷൻ നേതാവ് ആനി രാജയും സമാന നിലപാട് അറിയിച്ചിരുന്നു. നേരത്തെ ബൃന്ദ കാരാട്ടും പി കെ ശ്രീമതിയുമടക്കമുള്ളവരും നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam