
മുംബൈ: പീഡനക്കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കേസിൽ ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. നേരത്തെ ക്രിമിനൽ കേസിൽ പ്രതിയായ ബിനോയിക്ക് ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാനിടയാക്കുമെന്ന് യുവതിയുടെ അഭിഭാഷകൻ വ്യക്തമാക്കി.
ജൂൺ പതിമൂന്നിന് യുവതി ഓഷിവാര സ്റ്റേഷനിൽ പീഡന പരാതി നൽകി, ഒരാഴ്ചയ്ക്ക് ശേഷമാണ് അറസ്റ്റ് തടയാൻ ബിനോയ് നീക്കം തുടങ്ങിയത്. അഞ്ച് കോടി തട്ടാൻ യുവതിയും കൂട്ടാളികളും കള്ളക്കേസ് നൽകിയെന്നായിരുന്നു മുൻകൂർ ജാമ്യഹർജിയിൽ ബിനോയ് വാദിച്ചത്.
വിവാഹം കഴിഞ്ഞെന്ന് വ്യാജ രേഖ ഉണ്ടാക്കി ബിനോയിക്ക് വക്കീൽ നോട്ടീസ് അയക്കുകയും അതേസമയം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു വാദം. എന്നാൽ, ബിനോയിയ്ക്കെതിരെ നിരവധി തെളിവുകളാണ് യുവതിയുടെ അഭിഭാഷകൻ നിരത്തിയത്.
ബിനോയ് സ്വന്തം ഇമെയിലിൽ നിന്ന് യുവതിക്കും കുഞ്ഞിനും വിസയും വിമാനട്ടിക്കറ്റും അയച്ചതിന്‍റെ തെളിവുകൾ നൽകി. ഈ ടിക്കറ്റുപയോഗിച്ച് യുവതി ദുബായി സന്ദർശിച്ചതിന്‍റെ യാത്ര രേഖകളും ഹാജരാക്കി. യുവതിയും ബിനോയിയും ഒന്നിച്ച് അന്ധേരി വെസ്റ്റിൽ താമസിച്ചതിന്‍റെ രേഖ പ്രൊസിക്യൂഷൻ കോടതിയിൽ നൽകി.
ബിനോയിയുടെ അച്ഛൻ മുൻമന്ത്രിയാണെന്നും നേരത്തെ ക്രിമിനൽ കേസുള്ള പ്രതിക്ക് ജാമ്യം നൽകുന്നത് യുവതിക്കും കുഞ്ഞിനും ഭീഷണിയാണെന്നും അഭിഭാഷകൻ വാദിച്ചു. ഇതിനെ എതിർത്ത പ്രതിഭാഗം യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും ഒരിക്കലും ബിനോയ് വിവാഹ വാഗ്ദാനം നൽകിയില്ലെന്നും വ്യക്തമാക്കി.
മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ മുംബൈ പൊലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. മുൻകൂർ ജാമ്യപേക്ഷ തള്ളിയാൽ മേൽക്കോടതിയെ സമീപിക്കുമെന്നാണ് ബിനോയിയുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam