ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ; വാദം പൂർത്തിയായി; വിധി നാളെ

Published : Jul 02, 2019, 05:15 PM ISTUpdated : Jul 02, 2019, 05:19 PM IST
ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ; വാദം പൂർത്തിയായി; വിധി നാളെ

Synopsis

കേസിൽ കൂടുതൽ ഒന്നും പറയാനില്ലെന്ന് പുതുതായി ഹാജരായ പ്രോസിക്യൂട്ടർ

മുംബൈ: പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ മുംബൈ ഡിൻഡോഷി സെഷൻസ് കോടതി നാളെ വിധി പറയും. ബിനോയിയുടേയും പരാതിക്കാരിയുടേയും അഭിഭാഷകരുടെ വാദങ്ങൾ കേട്ട ശേഷമാണ് കേസിലെ വിധി നാളത്തേക്ക് മാറ്റിയത്. 

യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയ ബിനോയ്‌ ആദ്യ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ചുവെന്നതായിരുന്നു പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ പ്രധാനമായും ഉയർത്തിയ വാദം. ബിനോയ്‌ അയച്ച് നൽകിയ വിസയും ടിക്കറ്റും ഉപയോഗിച്ച് യുവതിയും കുട്ടിയും ദുബായിലേക്ക് യാത്ര ചെയ്തതിന്‍റെ പാസ്പോർട്ട് രേഖയും പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. 

ബിനോയിയും അമ്മയും പരാതിക്കാരിയെ  നിരന്തരമായി ഭീഷണിപ്പെടുത്തിയെന്നും ബിനോയ് യുവതിക്ക് കപട വാഗ്ദാനം നൽകിയെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു. ബിനോയിയുടെയും യുവതിയുടെയും മൊബൈൽ ഫോണുകൾ ഒരേ ടവറിന് കീഴിലായ സമയത്തെ മുഴുവൻ ഫോൺ കോൾ റെക്കോർഡുകളും പരിശോധിക്കണമെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.

യുവതിയുമായി വിവാഹം നടന്നുവെന്നതിന് പ്രോസിക്യൂഷൻ ഹാജരാക്കിയ മുംബൈയിലെ നോട്ടറി അഭിഭാഷകൻ സാക്ഷ്യപ്പെടുത്തിയ രേഖ വ്യാജമാണെന്നും യുവതിയുടെ അഭിഭാഷകൻ  നൽകിയ രേഖകളിലുള്ള ഒപ്പ് ബിനോയിയുടേതല്ലെന്നുമായിരുന്നു,  ബിനോയിയുടെ അഭിഭാഷകന്‍റെ വാദം. അറസ്റ്റിന് മുൻപ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ  ഡിഎൻഎ പരിശോധനയെന്ന ആവശ്യത്തിലേക്ക് കോടതി കടക്കേണ്ടതില്ലെന്നറിയിച്ച പ്രതിഭാഗം ഡിഎൻഎ പരിശോധനയെ എതിർത്തു.

യുവതിക്ക് വിവാഹം നടന്നുവെന്ന് പറയുന്ന തീയതിയെപ്പറ്റി സംശയമുണ്ടെന്ന് രേഖകളിലുള്ള വൈരുധ്യം ചൂണ്ടിക്കാട്ടി പ്രതിഭാഗം കോടതിയിൽ വാദിച്ചു. എഫ്ഐആറിൽ പറയുന്ന ആരോപണങ്ങളും യുവതി നൽകിയ തെളിവുകളും പൊരുത്തപ്പെടുന്നില്ല. കെട്ടിച്ചമച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ഭയമുള്ളതിനാലാണ് ബിനോയ്‌ കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമം അനുസരിച്ച് ഒരു വട്ടം വിവാഹിതനായ ബിനോയ്‌ ആ ബന്ധം നില നിൽക്കെ പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ചെങ്കിൽ ആ വിവാഹം പ്രഥമ ദൃഷ്ട്യാ നില നിൽക്കില്ലെന്നും ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 

യുവതിയും മറ്റൊരു വ്യക്തിയും തമ്മിലുള്ള, സ്വകാര്യ നിമിഷങ്ങളിൽ എടുത്ത ചിത്രങ്ങൾ ഹാജരാക്കിക്കൊണ്ട് യുവതിക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടെന്ന് സ്ഥാപിക്കാനും ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ ശ്രമിച്ചു. ആദിത്യ മോഹൻ എന്ന ഭോജ്പുരി നടനൊപ്പമുള്ള ചിത്രങ്ങളാണ് പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയത്. എന്നാൽ, ഫോട്ടോകൾ എന്തുകൊണ്ട് നേരത്തെ ഹാജരാക്കിയില്ലെന്ന് കോടതി പരിശോധിക്കണമെന്ന് യുവതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഫോട്ടോയിലെ പുരുഷൻ ബിനോയ്‌ കോടിയേരിയുമായി ബിസിനസ് ബന്ധമുള്ള ആളാണെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം