പൗരത്വ ഭേദഗഗതി നിയമത്തിന്റെ (സി എ എ) ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജികളിൽ സുപ്രീം കോടതി മെയ് 5 മുതൽ അന്തിമ വാദം കേൾക്കും. കേരള സർക്കാർ, മുസ്‍ലിം ലീഗ്, ഡി വൈ എഫ് ഐ എന്നിവരുൾപ്പെടെ നൽകിയ 140 ഹർജികളിൽ, നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന്റെ (സി എ എ) ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ മെയ് 5 മുതൽ സുപ്രീം കോടതി അന്തിമ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പഞ്ചോളി എന്നിവരാണ് ബഞ്ചിലുള്ളത്. കേരള സർക്കാരും മുസ്‍ലിം ലീഗും ഡി വൈ എഫ് ഐയും ഉൾപ്പെടെയുള്ള സംഘടനകളുടേയുമടക്കം നൂറിലേറെ ഹർജികളാണ് കോടതിയുടെ മുന്നിലുള്ളത്. മെയ് 12 ഓടെ വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റിവെക്കാനാണ് സുപ്രീം കോടതി ലക്ഷ്യമിടുന്നതെന്നാണ് വ്യക്തമാകുന്നത്. 2019 ലെ പൗരത്വ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. ഏകദേശം രണ്ട് വർഷം മുമ്പ്, 2024 മാർച്ച് 19 നാണ് ഈ കേസ് അവസാനമായി ലിസ്റ്റ് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

2014 ഡിസംബർ 31 ന് മുമ്പ് പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് യാത്രാ രേഖകളില്ലാതെ ഇന്ത്യയിലെത്തിയ മുസ്ലിം ഇതര കുടിയേറ്റക്കാരെ ഇന്ത്യൻ പൗരത്വം തേടാൻ അനുവദിക്കുന്ന നിയമ ഭേദഗതിയാണ് സിഎഎ. മുസ്‌ലിം കുടിയേറ്റക്കാരെ ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ടാണ് ഹർജികൾ. കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹർജിക്കാർക്ക് വേണ്ടി കപിൽ സിബൽ, മനു അഭിഷേക് സിങ്‌വി തുടങ്ങിയ പ്രമുഖ അഭിഭാഷകരും കോടതിയിൽ ഹാജരാകും.

കേരളത്തിന്‍റെ വാദം

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരെ 2024 മാർച്ച് 16 നാണ് കേരളം സുപ്രീ കോടതിയിൽ ഹര്‍ജി നല്‍കിയത്. നിയമം നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്രത്തെ വിലക്കണമെന്നാവശ്യപ്പെട്ടാണ് കേരളം ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്രത്തിന്‍റേത് നിയമവിരുദ്ധമായ നടപടിയാണെന്നാണ് ഹര്‍ജിയിലെ വാദം. ഒരു മത വിഭാഗത്തിന് ഒഴികെ മറ്റുള്ളവര്‍ക്ക് മാത്രം പൗരത്വം നേടാൻ ചട്ടങ്ങളിൽ മാറ്റം വരുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. ചട്ടങ്ങൾ പുറത്തിറക്കിയ നടപടി സ്റ്റേ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടു. സി എ എ ഇന്ത്യൻ ഭരണഘടനയുടെ മതേതര സ്വഭാവത്തിന് എതിരെന്നാണെന്നും ഹര്‍ജിയില്‍ കേരളം വ്യക്തമാക്കുന്നു.

YouTube video player