ബിപ്ലബ് കുമാറിനെതിരെ ഭാര്യ പരാതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

By Web TeamFirst Published Apr 26, 2019, 3:01 PM IST
Highlights

ദില്ലിയിലെ തീസ് ഹസാരി കോടതിയില്‍ ബിപ്ലബ് കുമാര്‍ ദേബിനെതിരെ ഭാര്യ പരാതി നല്‍കിയെന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും വിലകുറഞ്ഞ പ്രചരണ തന്ത്രമാണ് തന്റെ ഭര്‍ത്താവിനെതിരെ നടക്കുന്നതെന്നും നീതി ദേബ് തന്നെ ഫേസ്ബുക്കിലൂടെ പിന്നീട് പ്രതികരിച്ചു. 

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിബ്ലബ് കുമാര്‍ ദേബിനെതിരെ ഭാര്യ നീതി ദേബ് ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം. നേരത്തെ ദേശീയ മാധ്യമങ്ങള്‍ അടക്കം പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത സംഭവം തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെ പിന്‍വലിക്കുകയായിരുന്നു.

ദില്ലിയിലെ തീസ് ഹസാരി കോടതിയില്‍ ബിപ്ലബ് ദേബിനെതിരെ ഭാര്യ പരാതി നല്‍കിയെന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും വിലകുറഞ്ഞ പ്രചരണ തന്ത്രമാണ് തന്റെ ഭര്‍ത്താവിനെതിരെ നടക്കുന്നതെന്നും നീതി ദേബ് തന്നെ ഫേസ്ബുക്കിലൂടെ പിന്നീട് പ്രതികരിച്ചു. ഒരുകൂട്ടം മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതാണ്. രാഷ്ട്രീയലാഭത്തിന് വേണ്ടി ചിലര്‍ കരുതിക്കൂട്ടി മെനഞ്ഞെടുത്ത വാര്‍ത്തയാണിത്. ഭര്‍ത്താവിനോടുള്ള തന്‍റെ സ്നേഹം പരിധികളില്ലാത്തതും പരിശുദ്ധവുമാണ്. അത് മറ്റാരോടെങ്കിലും വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും നീതി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. 

അതേസമയം നീതി ദേബ് നല്‍കിയ പരാതിയുടെ പകര്‍പ്പെന്ന തരത്തില്‍ വ്യാജ രേഖകളുണ്ടാക്കി വാര്‍ത്ത പ്രചരിപ്പിച്ചതിന് ഒരു ഫേസ്ബുക്ക് ഉപയോക്താവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവിനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത വ്യാജമാണെന്ന് നീതി ദേബ് പ്രതികരിച്ചയുടന്‍ തന്നെ അക്കാര്യം ഏഷ്യാനെറ്റ് ന്യൂസ്.കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിപ്ലവിനെതിരായ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ മാധ്യമങ്ങള്‍ വാര്‍ത്ത തിരുത്തി.

click me!