
ഭുവനേശ്വർ: ഭുവനേശ്വർ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കിയ സംഭവത്തിൽ യാത്രക്കാരിയുടെ പ്രതിഷേധം. സംഭവം എയർലൈന്റെ കെടുകാര്യസ്ഥതയും നിരുത്തരവാദിത്തവുമാണെന്ന് അവര്‍ കുറിച്ചു. റീതി ബാസു എന്ന യാത്രക്കാരിയാണ് തനിക്കുണ്ടായ 'മരണത്തിനടുത്തുള്ള' അനുഭവം എന്ന തലക്കെട്ടിൽ കുറിപ്പ് പങ്കുവെച്ചത്.
വിശാഖപട്ടണത്ത് നിന്ന് ഭുവനേശ്വർ വഴി കൊൽക്കത്തയിലേക്ക് പോകേണ്ട ഇൻഡിഗോയുടെ 6E 6101 വിമാനത്തിലാണ് സംഭവം. ഭുവനേശ്വർ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് വിമാനത്തിൽ പക്ഷി ഇടിച്ചത്. ഇതോടെ ടേക്ക് ഓഫ് റദ്ദാക്കി. എന്നാൽ, അതിനുശേഷമുള്ള എയർലൈൻ അധികൃതരുടെ പെരുമാറ്റം തീര്‍ത്തും നിരാശ ഉണ്ടാക്കുന്നതായിരുന്നു റീതു ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചു.
ടേക്ക് ഓഫിനിടെ എഞ്ചിനിൽ നിന്ന് വലിയ ശബ്ദവും തീഗോളവും കണ്ടുവെന്ന് റീതു പറയുന്നു. ടേക്ക് ഓഫ് റദ്ദാക്കിയ ശേഷം തങ്ങളെയും മറ്റ് യാത്രക്കാരെയും ഭക്ഷണവും വെള്ളവും സഹായവും ഇല്ലാതെ വിമാനത്താവളത്തിൽ ഉപേക്ഷിച്ചു.
ഒരു ഹോട്ടലിൽ താമസം ഒരുക്കാനോ ലോഞ്ച് സൗകര്യം നൽകാനോ ഉള്ള അഭ്യർത്ഥനകൾ എയർലൈൻ നിഷേധിച്ചു. പകരം അടുത്ത യാത്രയ്ക്ക് ഉപയോഗിക്കാൻ പറ്റുന്ന 3,000 രൂപയുടെ വൗച്ചർ വാഗ്ദാനം ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും അവര്‍ പറയുന്നു റീതിയടെ ലിങ്ക്ഡ്ഇൻ പോസ്റ്റ് അതിവേഗം വൈറലായതിന് പിന്നാലെ, വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ഇൻഡിഗോ പോസ്റ്റിന് മറുപടിയായി അറിയിച്ചു.