സ്ത്രീധനമായി ബൈക്കും ആഭരണവും പണവും ലഭിച്ചില്ല, വധുവിനോട് വൃക്ക നൽകാൻ ഭീഷണിയുമായി അമ്മായിഅമ്മ

Published : Jun 11, 2025, 01:48 PM IST
bride and groom

Synopsis

മകന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വിവരം മറച്ച് വച്ചായിരുന്നു വിവാഹം. ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാതെ വന്നതോടെയാണ് ഭീഷണി തുടങ്ങിയത്.

പട്ന: സ്ത്രീധനമായി ബൈക്കും പണവും ആഭരണങ്ങളും നൽകിയില്ല. നവവധുവിനോട് വൃക്ക നൽകാൻ ആവശ്യപ്പെട്ട് അമ്മായിഅമ്മ. സ്ത്രീധനം നൽകാൻ സാധിക്കാത്തതിനാൽ മകന് വൃക്ക നൽകണമെന്ന് ആവശ്യപ്പെട്ട് ഭ‍ർത്താവിന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തുന്നതായാണ് ദീപ്തിയെന്ന യുവതി ബിഹാറിലെ മുസാഫ‍ർപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഗുരുതര ആരോഗ്യ തകരാറുകൾ യുവാവിനുണ്ടെന്ന വിവരം മറച്ചുവച്ചായിരുന്നു യുവതിയുമായി 2021ൽ വിവാഹം നടത്തിയതെന്നും ദീപ്തി ആരോപിക്കുന്നുണ്ട്.

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഭർതൃവീട്ടുകാർ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് തുടങ്ങിയെന്നുമാണ് പരാതി വിശദമാക്കുന്നത്. വീട്ടിൽ നിന്ന് ബൈക്കും പണവും ആഭരണങ്ങളും കൊണ്ടുവരാനായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ ദീപ്തിയുടെ വീട്ടുകാർക്ക് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ട പണം നൽകാൻ സാധിക്കാതെ വന്നപ്പോൾ വൃക്ക നൽകണമെന്ന ആവശ്യം വീട്ടുകാർ ഉയർത്തുകയായിരുന്നു.

ഇതിന് ശേഷമാണ് ഭർത്താവിന് വൃക്ക സംബന്ധിയായ ഗുരുതര തകരാറുണ്ടെന്ന് പരാതിക്കാരി അറിയുന്നത്. തുടക്കത്തിൽ വൃക്ക വേണമെന്ന ആവശ്യം തമാശപോലെയാണ് തോന്നിയതെന്നും എന്നാൽ ആവശ്യം ഭീഷണിയിലേക്കും കയ്യേറ്റത്തിലേക്കും എത്തിയതോടെ പൊലീസിൽ പരാതിപ്പെടുകയുമാണ് യുവതി ചെയ്തത്. ഭർത്താവിന്റെ കുടുംബത്തിലെ നാല് പേർക്കെതിരെയാണ് പൊലീസ് പരാതിയിൽ കേസ് എടുത്തിട്ടുള്ളത്. കയ്യേറ്റം പതിവായതോടെ വിവാഹ മോചനം ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് തയ്യാറാവുന്നില്ലെന്നും യുവതി ആരോപിക്കുന്നത്. 

സംഭവത്തിൽ ഭർത്താവും ഭർതൃമാതാപിതാക്കളും അടക്കം നാല് പേരെയാണ് പൊലീസ് പ്രതി ചേർത്തിട്ടുള്ളത്. കേസിൽ അന്വേഷണം നടക്കുകയാണെന്നാണ് മുസാഫർപൂർ റൂറൽ എസ്പി വിദ്യാസാഗർ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് വിശദമാക്കിയത്. സ്ത്രീധനം വാങ്ങുന്നത് ബിഹാറിൽ കുറ്റകരമാണ്. നേരത്തെ സ്ത്രീധനം വാങ്ങിയുള്ള വിവാഹങ്ങളിൽ താൻ പങ്കുചേരില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ
'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം