
ദില്ലി: ഇന്ത്യ-ചൈന അതിർത്തി തർക്കം മുറുകിയതിന് പിന്നാലെ രാഷ്ട്രീയ രംഗത്തും ആരോപണം ശക്തമാകുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈന 90 ലക്ഷം രൂപ സംഭാവന നൽകിയെന്ന് ബിജെപി ആരോപിച്ചു. അതിർത്തിയിലെ സംഘർഷത്തിൽ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി.
സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് 2007ൽ ഇന്ത്യയിലെ ചൈനീസ് എംബസി 90 ലക്ഷം രൂപ സംഭാവന നൽകിയെന്നാണ് ആരോപണം. ഫൗണ്ടേഷന്റെ 2007 ലെ വിദേശ സംഭാവന രേഖകളാണ് ബിജെപി പുറത്ത് വിട്ടിരിക്കുന്നത്. രേഖയിൽ നാലാമതായാണ് എംബസിയുടെ പേരുള്ളത്. 2006 ലെ വാർഷിക റിപ്പോർട്ടിൽ സംഭാവന നൽകിയവരുടെ പട്ടികയിൽ ചൈനീസ് സർക്കാരിന്റെ പേരുണ്ടെന്നും ബിജെപി ആരോപിക്കുന്നു.
ഗാന്ധി കുടുംബത്തിന് 2008 ലെ ബീജിംഗ് ഒളിംപിക്സ് കാണാൻ ചൈന സൗജന്യയാത്ര ഒരുക്കിയെന്നും ആരോപണമുണ്ട്. സംഭാവന സ്വീകരിച്ചതെന്തിനെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ചൈനയുമായുള്ള ബന്ധം എന്തെന്ന് വിശദീകരിക്കാൻ കോൺഗ്രസ്
ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസിൽ രാഹുൽഗാന്ധിയുടെ വിശ്വസ്തർക്കും പ്രമുഖ നേതാക്കൾക്കും ഇടയിലെ തർക്കവും ബിജെപി ആയുധമാക്കുകയാണ്. ഗാന്ധി കുടുംബത്തിൻറെ നിലപാടുകളിൽ കോൺഗ്രസിൽ അസംതൃപ്തി പുകയുന്നതായി അമിത് ഷാ ആരോപിച്ചു. പ്രധാനമന്ത്രിയെ വ്യക്തിപരമായി വിമർശിക്കരുതെന്ന് പറഞ്ഞ നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി പ്രവർത്തക സമിതി യോഗത്തിൽ ആഞ്ഞടിച്ചുവെന്ന റിപ്പോർട്ടാണ് അമിത് ഷാ ചൂണ്ടിക്കാട്ടിയത്. ചൈനീസ് കടന്നുകയറ്റത്തിൻറെ കാര്യത്തിൽ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്തിനെന്ന ചോദ്യം ഉന്നയിച്ചായിരുന്നു കോൺഗ്രസ് പ്രതിരോധം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam